പ്രിയങ്ക ഗാന്ധിയില്‍ നിന്ന് 2 കോടി രൂപ വിലയുള്ള പെയിന്റിങ് വാങ്ങാന്‍ തനിക്ക് മേല്‍ സമ്മര്‍ദമുണ്ടായിരുന്നതായി യെസ് ബാങ്ക് സഹസ്ഥാപകന്‍ റാണ കപൂറിന്റെ വെളിപ്പെടുത്തല്‍. ഗാന്ധി കുടുംബത്തിന്റെ കൈവശമുള്ള വിഖ്യാത ചിത്രകാരന് എം.എഫ് ഹുസൈന്റെ ചിത്രം വാങ്ങുന്നതിനായി ഒരു കേന്ദ്രമന്ത്രി മുഖാന്തരം പ്രിയങ്ക തന്നെ ബന്ധപ്പെട്ടിരുന്നെന്നും പെയിന്റിങില്‍ നിന്ന് ലഭിക്കുന്ന തുക കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ന്യൂയോര്‍ക്കിലെ ചികിത്സക്കായി ഉപയോഗിക്കുമെന്നും തന്നോട് പറഞ്ഞതായി റാണ കപൂര്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് പ്രത്യേക കോടതിയിൽ സമർച്ചിച്ച കുറ്റപത്രത്തില്‍ പറയുന്നു.
അന്ന് പെട്രോളിയം മന്ത്രിയായിരുന്ന മുരളി ദിയോറ വഴിയാണ് പ്രിയങ്ക തന്നെ ബന്ധപ്പെട്ടതെന്നാണ് റാണ കപൂർ ഇഡിയ്ക്ക് മൊഴി നൽകിയത്. പെയിൻ്റിങ് വാങ്ങാൻ വിസമ്മതിച്ചാൽ ഗാന്ധി കുടുംബവുമായുള്ള അടുത്ത ബന്ധം നഷ്ടമാകുമെന്നും പത്മഭൂഷൺ ബഹുമതി ലഭിക്കില്ലെന്നും കേന്ദ്രമന്ത്രി മുരളി ദിയോറ റാണ കപൂറിനെ അറിയിച്ചിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ ഇഡി സമർപ്പിച്ച മൂന്നാമത്തെ കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
കോണ്‍ഗ്രസിലെ ഉന്നതരുടെ നിര്‍ദേശ പ്രകാരം 2 കോടി രൂപയുടെ ചെക്ക് താന്‍ കൈമാറിയെന്നും ഇതിലൂടെ ലഭിച്ച പണം സോണിയയുടെ ന്യൂയോര്‍ക്കിലെ ചികിത്സക്കായി വിനിയോഗിച്ചെന്നും അന്തരിച്ച മുന്‍ പെട്രോളിയം മന്ത്രി മുരളി ദിയോറ മകന് മിലിന്ദ് ദിയോറ തന്നെ രഹസ്യമായി അറിയിച്ചെന്നും റാണ കപൂര്‍ പറഞ്ഞു.