തിരുവനന്തപുരം: കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് മുസ്ലീം ലീഗ് വന്നാൽ മുന്നണിപ്രവേശം അപ്പോൾ ആലോചിക്കുമെന്ന് എൽഡിഎഫ് കണ്‍വീനർ ഇ പി ജയരാജൻ. എൽഡിഎഫിന്റെ കവാടങ്ങൾ അടക്കില്ല. മുന്നണി ശക്തിപ്പെടുകയാണ്. മുന്നണി വിപുലീകരണം എൽഡിഎഫ് നയമാണ്. പ്രതീക്ഷിക്കാത്ത പല പാർട്ടികളും മുന്നണിയിൽ വന്നേക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.
ഇടതുമുന്നണിയിലേക്ക് വരുമോ ഇല്ലയോ എന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് മുസ്ലീം ലീഗ് ആണ്. മുസ്ലീം മതവിഭാഗത്തിന്റെ ഇടയില്‍ വലിയ തോതില്‍ അസംതൃപ്തിയാണുള്ളത്. ലീഗിന്റെ അകത്തും അതിന്റെ പ്രതികരണങ്ങള്‍ കാണാം. ലീഗ് ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമാണെങ്കിലും മുന്നണിയുടെ നിലപാടില്‍ ലീഗിന് കടുത്ത അസംതൃപ്തി ഉണ്ട്. അത് പ്രകടിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നുമുണ്ട്. ലീഗിന് എല്‍ഡിഎഫിലേക്ക് വരണമെന്നുണ്ടെങ്കില്‍ അവര്‍ വരട്ടേ, ബാക്കി കാര്യങ്ങള്‍ അപ്പോള്‍ ആലോചിക്കാമെന്നും ഇ.പി ജയരാജന് പറഞ്ഞു.
ദേശീയ-സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടതുപക്ഷം സ്വീകരിക്കുന്ന നിലപാട് എല്ലാ പാര്‍ട്ടികളിലും ഇന്ന് ചര്‍ച്ചയാണ്. എല്ലാ പാര്‍ട്ടികളിലുമുള്ള അണികള്‍ ഇടതുപക്ഷ മുന്നണിയുടെ നയത്തില്‍ ആകൃഷ്ടരാവുന്നുവെന്നത് യാഥാര്‍ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു.