മറ്റെല്ലാത്തിനും പ്രത്യേക ദിനം ഉള്ളത് പോലെ ഉറക്കത്തിനും ഒരു ദിനമുണ്ട്. എല്ലാ വർഷവും മാർച്ചിലെ രണ്ടാമത്തെ വർഷമാണ് ഉറക്കദിനമായി ആചരിക്കുന്നത്. വേൾഡ് സ്ലീപ് സൊസൈറ്റിയാണ് ലോക ഉറക്കദിനം സംഘടിപ്പിക്കുന്നത്. ആരോഗ്യകരമായ ഉറക്കത്തിന്റെ ഗുണഫലത്തെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ് ഉറക്കദിനം ആചരിക്കുന്നതിലൂടെ സംഘടന ലക്ഷ്യംവയ്ക്കുന്നത്.
നാം നമ്മുടെ ജീവിതത്തിന്റെ 33 ശതമാനവും ഉറക്കത്തിന് വേണ്ടിയാണ് ചെലവഴിക്കുന്നത്. ഭക്ഷണം കഴിക്കാതെ മനുഷ്യന് 2 മാസം വരെ ജീവിക്കാം എന്നാൽ ഉറക്കമില്ലാതെ മനുഷ്യന് ജീവിക്കാൻ കഴിയുന്നത് വെറും 11 ദിവസമാണെന്നാണ് വിദഗ്ധർ പറയുന്നത്
രാത്രിയിൽ ഏഴു മണിക്കൂർ ഉറങ്ങുന്നത് തലച്ചോറിനെ വാർധക്യത്തിൽനിന്ന് രക്ഷിക്കുമെന്നാണ് ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഉറക്കത്തെ ഏഴു മണിക്കൂറായി ക്രമപ്പെടുത്തുന്നതുവഴി തലച്ചോറിന്റെ യുവത്വം രണ്ടു വർഷംകൂടി നിലനിർത്താമെന്നാണ് പഠനം. ഒമ്പതു മണിക്കൂറോളം ഉറങ്ങുന്നവർക്കും അഞ്ചു മണിക്കൂറിൽ കുറവ് ഉറങ്ങുന്നവർക്കും ഓർമയുടെയും ശ്രദ്ധയുടെയും പ്രശ്നങ്ങളുണ്ടാകുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.
ഏഴു മണിക്കൂറിലേറെയുള്ള ഉറക്കം ഭാരം കൂട്ടാനും ഹൃദയരോഗങ്ങൾക്കും പ്രമേഹത്തിനും കാരണമാകുമെന്നായിരുന്നു നേരത്തെയുള്ള ഒരു ഗവേഷണഫലം. സ്വപ്നാടനം, സ്വപ്നസംഭാഷണം, പേടിസ്വപ്നങ്ങൾ, നിദ്രാധിക്യം, നിദ്രാലസ്യം എന്നിവയാണ് ഉറക്കത്തിൽ സംഭവിക്കാവുന്ന കാര്യങ്ങൾ.