ഇൻറർനെറ്റ് വഴി ലോകത്തെമ്പാടുമുളള ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കിയ ടാൻസാനിയൻ കലാകാരനാണ് കിലി പോൾ. ബോളിവുഡ് ഗാനങ്ങൾക്കൊപ്പം ചുവട് വച്ച് വീഡിയോകളിലൂടെ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുകയാണ് ടാൻസാനിയൻ നർത്തകൻ കിലി പോൾ. തന്റെ സഹോദരി നീമയ്ക്കൊപ്പം ബോളിവുഡ് ഗാനങ്ങളോടുള്ള ഇഷ്ടം അവരുടെ വൈറൽ വീഡിയോകളിലൂടെ പ്രകടിപ്പിക്കുന്നത് പലപ്പോഴും കാണാറുണ്ട്. അതിനിടെ ടാൻസാനിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആദരിച്ചു കിലി പോളിനെ ആദരിച്ചു.
ടാൻസാനിയയിലെ ഹൈക്കമ്മീഷൻ ഓഫീസ് സന്ദർശിച്ച കിലി പോളിനൊപ്പമുള്ള ചിത്രങ്ങൾ ഇന്ത്യൻ നയതന്ത്രജ്ഞൻ ബിനയ പ്രധാൻ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചു. കലാകാരനെ പ്രശംസിക്കുകയും ചെയ്തു. ചിത്രങ്ങൾ പങ്കിട്ട് ബിനയ എഴുതി, ”ഇന്ന് ഒരു പ്രത്യേക സന്ദർശകനുണ്ടായിരുന്നു; ജനപ്രിയ ഇന്ത്യൻ ചലച്ചിത്ര ഗാനങ്ങൾ തന്റെ ചുണ്ടുകൾ സമന്വയിപ്പിച്ച് വീഡിയോകൾ ചെയ്ത പ്രശസ്ത ടാൻസാനിയൻ കലാകാരൻ കിലി പോൾ ഇന്ത്യയിൽ ദശലക്ഷക്കണക്കിന് ഹൃദയങ്ങൾ കീഴടക്കിയിട്ടുണ്ട്.
ഇന്ത്യൻ സെലിബ്രിറ്റികളായ കിയാര അദ്വാനി, സിദ്ധാർത്ഥ് മൽഹോത്ര, ഇമ്രാൻ ഹാഷ്മി തുടങ്ങിയ നിരവധി പേർ ഈ സഹോദര ജോഡികളുടെ പ്രകടനത്തെ വാനോളം പുകഴ്ത്തിയിട്ടുണ്ട്. കിലി പോളിന് ഇൻസ്റ്റാഗ്രാമിൽ 2.2 മില്യൺ ആരാധകരുണ്ട്. ടാൻസാനിയൻ സഹോദരങ്ങളെ ആയുഷ്മാൻ ഖുറാന, ഗുൽ പനാഗ്, റിച്ച ഛദ്ദ തുടങ്ങിയ പ്രമുഖരാണ് പിന്തുടരുന്നത്. ബോളിവുഡ് താരങ്ങളുടെ ഗാനത്തോടൊപ്പം ചുണ്ടുകൾ സമന്വയിപ്പിക്കുക മാത്രമല്ല, വൈറൽ വീഡിയോകളിൽ നൃത്തത്തോടുള്ള തന്റെ അഭിനിവേശവും കിലി പ്രകടമാക്കിയിട്ടുണ്ട്.
നേരത്തെ സഹോദരങ്ങൾ ‘കച്ച ബദാം’ എന്ന വൈറൽ ഗാനത്തോടൊപ്പം നൃത്തം ചെയ്തുളള ഒരു വീഡിയോ പോസ്റ്റ് ചെയ്തു, റിലീസ് ചെയ്ത ഉടൻ തന്നെ വീഡിയോ വൈറലാകുകയും നിരവധി ഉപയോക്താക്കളുടെ ഹൃദയം കീഴടക്കുകയും ചെയ്തു. ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തിൽ, സഹോദരങ്ങൾ ഇന്ത്യക്കാരുടെ ദേശസ്നേഹത്തിൽ പങ്കുചേരുകയും ദേശീയ ഗാനത്തോടൊപ്പം രാജ്യത്തിന് ആദരം അർപ്പിച്ചുകൊണ്ട് ഒരു വീഡിയോ പങ്കിടുകയും ചെയ്തു.
ഹാപ്പി പബ്ലിക് ഡേ ഇന്ത്യ ‘ എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്.
ചെറു വീഡിയോകളും ഇൻസ്റ്റഗ്രാം റീൽസും കൊണ്ട് ഇന്ന് സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ് കിലിയും നീമയും. ഓരോ നിമിഷവും ലക്ഷക്കണക്കിന് വീഡിയോസാണ് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമൊക്കെ ആളുകൾ പങ്കുവെക്കുന്നത്. ഇതിൽ ചിലത് ജനശ്രദ്ധ പിടിച്ച് പറ്റുകയും മിനിറ്റുകൾ കൊണ്ട് തന്നെ വൈറലാവുകയും ചെയ്യാറുണ്ട്.
ബോളിവുഡിലെ നിരവധി ഹിറ്റ് ഗാനങ്ങളുടെ വീഡിയോ ചെയ്താണ് ഇവർ നവമാദ്ധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ഗാനത്തിലുള്ള ഇവരുടെ ലിപ് സിങ്ക് തന്നെയാണ് കൂടുതൽ ആളുകളുടെ ശ്രദ്ധ നേടിയതും. പരമ്പരാഗത മസായി വേഷത്തിലെത്തുന്ന സഹോദരങ്ങൾ തികച്ചും സാധാരണ രീതിയിലാണ് എല്ലാ വീഡിയോകളും ചെയ്യാറുള്ളത്.
ബോളിവുഡ് ഗാനങ്ങളും പ്രശസ്തമായ ഡയലോഗുകളും ഇവർ വീഡിയോയാക്കിയിട്ടുണ്ട്. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ വൻ സ്വീകരണമാണ് ഈ താരങ്ങളുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്. ബോളിവുഡിലെ നിരവധി പ്രമുഖർ ഇവരുടെ വീഡിയോകൾ ഷെയർ ചെയ്തിട്ടുണ്ട്. ഇവർക്ക് വേണ്ടി ആരാധകർ ഫാൻസ് പേജുകളും ആരംഭിച്ചുകഴിഞ്ഞു.
നർത്തകനും, കണ്ടന്റ് ക്രിയേറ്ററുമാണ് കിലി പോൾ. ഒരുപാട് ഹിന്ദി സിനിമകൾ കണ്ടാണ് താൻ വളർന്നതെന്ന് കിലി പറയുന്നു. സൽമാൻ ഖാനാണ് കിലിയുടെ ഇഷ്ടതാരം. ഹൃത്വിക് റോഷനെയും, മാധുരി ദീക്ഷിതിനെയുമാണ് സഹോദരി നീമയ്ക്ക് ഇഷ്ടം. ഇന്ത്യയിൽ നിന്നുള്ള ആരാധകരെ ഒരിക്കലും നിരശപ്പെടുത്താനാകില്ല. എനിക്ക് ഇന്ത്യയിൽ നിന്നാണ് സ്നേഹവും വിശ്വാസവും ലഭിക്കുന്നത് എന്നും ഇനിയും കൂടുതൽ വീഡിയോകൾ ചെയ്യുമെന്നും കിലി വ്യക്തമാക്കി.