മനാമ: ബഹ്റൈൻ റോയൽ ഇക്വസ്ട്രിയൻ ആൻഡ് എൻഡ്യൂറൻസ് ഫെഡറേഷൻറെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര മത്സരമായ കിംഗ്സ് എൻഡ്യൂറൻസ് റൈഡ് കപ്പ് നടന്നു. 160 കിലോമീറ്റർ ദൈർഘ്യമുള്ള അന്താരാഷ്ട്ര മൽസരത്തിന് പുറമെ 120 കിലോമീറ്റർ ദൈർഘ്യമുള്ള പ്രാദേശിക സ്വകാര്യ സ്റ്റേബിളുകൾക്കായുള്ള മത്സരവും നടന്നു. ബഹ്റൈൻ ഇന്റർനാഷണൽ വില്ലേജിൽ നടന്ന മത്സരത്തിന് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സാക്ഷ്യം വഹിച്ചു.
രാജാവിന്റെ ഹ്യൂമാനിറ്റേറിയൻ വർക്ക് ആൻഡ് യൂത്ത് അഫയേഴ്സ് പ്രതിനിധിയും ബ്രീഫ് ഓണററി ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, റാഷിദ് ഇക്വസ്ട്രിയൻ ആൻഡ് ഹോഴ്സ് റേസിംഗ് ഹൈകമ്മിറ്റി വൈസ് ചെയർമാൻ ഷെയ്ഖ് ഫൈസൽ ബിൻ റാഷിദ് അൽ ഖലീഫ, ബ്രീഫ് ചെയർമാൻ ഷൈഖ് ഈസ ബിൻ അബ്ദുള്ള അൽ ഖലീഫ എന്നിവർ രാജാവിനെ സ്വീകരിച്ചു.
കിംഗ്സ് എൻഡ്യൂറൻസ് കപ്പ് വിക്ടോറിയസ് ടീം ജോക്കി ഷെയ്ഖ് മുഹമ്മദ് ബിൻ മുബാറക് അൽ ഖലീഫ കരസ്ഥമാക്കി. യഥാക്രമം രണ്ടും മൂന്നും സ്ഥാനം കെഎച്ച്കെ ടീം റൈഡർ ഹമദ് ജനാഹി, വിക്ടോറിയസ് ടീം ജോക്കി അബ്ദുൽറഹ്മാൻ അൽ സായിദ് എന്നിവർ നേടി. ഭാവിയിലെ ജോക്കികളെ വാർത്തെടുക്കാനുള്ള ഷെയ്ഖ് നാസറിന്റെയും ശൈഖ് ഖാലിദിന്റെയും ശ്രമങ്ങളെ രാജാവ് അഭിനന്ദിച്ചു. മത്സര വിജയികളെയും ഹമദ് രാജാവ് അഭിനന്ദിച്ചു. ഗൾഫ് സാഹോദര്യ ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന ജിസിസി ജോക്കികളുടെ പങ്കാളിത്തത്തെയും അദ്ദേഹം പ്രശംസിച്ചു.
രാജ്യത്തിന്റെ പൈതൃക കായിക വിനോദത്തെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.