തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമണം തടയാനും ആക്രമണത്തില്‍ ജീവനും സ്വത്തിനും നാശനഷ്ടം സംഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും 605 കോടിയുടെ സമഗ്ര പദ്ധതിയുമായി വനം വകുപ്പ്. പദ്ധതി കേന്ദ്രസര്‍ക്കാറിന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്. മൂന്ന് വര്‍ഷംകൊണ്ട് നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പ്രവര്‍ത്തനങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. വന്യജീവി ആക്രമണത്തില്‍ ജീവഹാനിയും വിളനാശവും വ്യാപകമായ പശ്ചാത്തലത്തിലാണ് സമഗ്ര കര്‍മപദ്ധതി തയാറാക്കിയത്.
പദ്ധതിക്ക് കേന്ദ്രം അനുമതി നല്കിയാല് വന്യജീവികളും മനുഷ്യനും തമ്മിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രശ്നങ്ങള്‍ ഏറക്കുറെ പൂര്‍ണമായി പരിഹരിക്കാനാകുമെന്നാണ് വനം വകുപ്പിന്റെ പ്രതീക്ഷ. വരുന്ന മൂന്ന് വര്‍ഷം വന്യജീവികള്‍മൂലം മനുഷ്യര്‍ നേരിടാനിടയുള്ള പ്രശ്നങ്ങളെല്ലാം കണക്കിലെടുത്താണ് പദ്ധതി തയാറാക്കിയതെന്ന് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി. ജയപ്രസാദ് പറഞ്ഞു.
വനാതിര്‍ത്തി മേഖലകളില്‍ എത്ര കിടങ്ങുകളും സൗരോര്‍ജ വേലികളും സ്ഥാപിക്കണം, ആക്രമണ സാധ്യത എന്തുമാത്രം, കൃഷിനാശത്തിനും ജീവഹാനിക്കും എത്ര തുക നഷ്ടപരിഹാരമായി നല്‍കേണ്ടിവരും തുടങ്ങിയ കാര്യങ്ങളെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ വന്യജീവി ആക്രമണം ചെറുക്കാന്‍ സംസ്ഥാന സര്‍ക്കാറിനോടും 10 കോടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ഒരു കോടി കഴിഞ്ഞ ദിവസം അനുവദിച്ചു. അടിയന്തര സാഹചര്യം നേരിടാനുള്ള തയാറെടുപ്പുകള്ക്കാകും ഈ തുക വിനിയോഗിക്കുക. സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം എഴുപതോളം പേര് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇതില്‍ 25 മരണവും കാട്ടാന ആക്രമണത്തിലാണ്. 15 വര്‍ഷത്തിനിടെ 1320 പേര് വന്യജീവി ആക്രമണത്തില്‍ മരിക്കുകയും 4400 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.