മനാമ: ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് വിദ്യാർത്ഥികൾക്കായി ദേശീയ കായിക ദിന പരിപാടികൾ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് ക്ലാസ് റൂം വ്യായാമങ്ങൾ, വീഡിയോ അവതരണങ്ങൾ തുടങ്ങിയ പരിപാടികൾ ഓരോ തലത്തിലും ഓൺലൈനായി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ തങ്ങളുടെ ദിനചര്യയുടെ ഭാഗമായി വ്യായാമം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു.
ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ദേശീയ കായിക ദിനത്തിന്റെ ഭാഗമായാണ് ഇന്ത്യൻ സ്കൂൾ റിഫ കാമ്പസും പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾ അവരുടെ അധ്യാപകരോടൊപ്പം തത്സമയ സെഷനുകളിൽ സഹപാഠികളുമായി ഇൻഡോർ വർക്കൗട്ടുകളും ബോർഡ് ഗെയിമുകളും രസകരമായ പ്രവർത്തനങ്ങളും ഒരുക്കി. വിദ്യാർത്ഥികൾ തങ്ങളുടെ കുടുംബാംഗങ്ങൾക്കൊപ്പം കായിക പരിപാടികൾ നടത്തുന്ന ചിത്രങ്ങൾ പങ്കുവെച്ചു. സ്കൂളിലെ വിശാലമായ കാമ്പസ് എല്ലാ കുട്ടികൾക്കും ഒരു മികച്ച കായിക പ്രവർത്തനങ്ങൾക്കുള്ള സൗകര്യം ഒരുക്കുന്നു. നന്നായി ചിട്ടപ്പെടുത്തിയതുമായ ഔട്ട്ഡോർ, ഇൻഡോർ ഗെയിമുകൾ ഓരോ കുട്ടിയുടെയും പ്രതിവാര പ്രവർത്തനത്തിന്റെ ഭാഗമാണ്. നിലവിൽ വെർച്വൽ ക്ലാസുകളിൽ, വിദ്യാർത്ഥികൾ ദിവസവും വാം-അപ്പ് വ്യായാമങ്ങളും ഇൻഡോർ വ്യായാമങ്ങളും ആസ്വദിക്കുന്നു.
സ്പോർട്സും ഗെയിമുകളും നമ്മുടെ ശാരീരിക ക്ഷമത വികസിപ്പിക്കുക മാത്രമല്ല, അച്ചടക്കം, ടീം സ്പിരിറ്റ് തുടങ്ങിയ മൂല്യങ്ങൾ വളർത്തിയെടുക്കാൻ വളരെയധികം സഹായിക്കുമെന്നും പ്രിൻസിപ്പൽ പമേല സേവ്യർ പറഞ്ഞു.
വിദ്യാർത്ഥികളുടെ ആവേശകരമായ പങ്കാളിത്തത്തോടെ ദേശീയ കായികദിനം സംഘടിപ്പിക്കുന്നതിൽ ടീം റിഫയുടെ ശ്രമങ്ങളെ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, ഇസി അംഗങ്ങൾ എന്നിവർ അഭിനന്ദിച്ചു.