തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികളായ ശ്യാമയും മനുവും വിവാഹിതരായി. രണ്ട് പേരുടേയും വീട്ടുകാരുടെ പൂർണ സമ്മതത്തോടെ, ഇന്ന് തിരുവനന്തപുരം, ഇടപ്പഴിഞ്ഞി അളകാപുരി ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹം. ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടന്നത്. പത്തു വർഷത്തിലധികമായി പരസ്പരം അറിയുന്ന ഇരുവരും 2017 ലാണ് പ്രണയം തുറന്നുപറഞ്ഞത്.
ടെക്നോപാർക്കിൽ സീനിയർ എച്ച്.ആർ. എക്സിക്യുട്ടീവാണ് തൃശൂർ സ്വദേശി മനു കാർത്തിക. സാമൂഹികസുരക്ഷാ വകുപ്പിൽ ട്രാൻസ്ജെൻഡർ സെല്ലിലെ സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്ററും ആക്ടിവിസ്റ്റുമാണ് തിരുവനന്തപുരം സ്വദേശിയായ ശ്യാമ എസ്. പ്രഭ.
പരസ്പരം പ്രണയം തുറന്ന് പറഞ്ഞെങ്കിലും സ്ഥിര ജോലി നേടി, കുടുംബത്തിലെ ഉത്തരവാദിത്വങ്ങളെല്ലാം പൂർത്തിയാക്കിയതിന് ശേഷം മാത്രം മതി വിവാഹമെന്നായിരുന്നു ഇരുവരുടേയും തീരുമാനം. ആ തീരുമാനം നടപ്പിലാക്കുന്നതിന് വേണ്ടിയാണ് ഇത്രയും വർഷം കാത്തിരുന്നതും.
നേരത്തെയും കേരളത്തിൽ തന്നെ പല ട്രാൻസ്ജെൻഡർ വിവാഹങ്ങളും നടന്നിട്ടുണ്ട്. എന്നാൽ അതൊക്കെ ആൺ, പെൺ ഐഡൻറിറ്റി ഉപയോഗിച്ചാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇക്കാര്യത്തിൽ നിയമസാധുതയുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്ന് നവദമ്പതികൾ പറയുന്നു. അതിന് നിയമതടസമുണ്ടെങ്കിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് അവരുടെ ഐഡൻറിറ്റിയിൽ നിന്നുകൊണ്ടുള്ള വിവാഹത്തിന് സാധുത നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും തയ്യാറാണെന്ന നിലപാടിലാണ് ഇരുവരും.