ദില്ലി: ചൈനീസ് ആപ്പുകൾക്കെതിരെ വീണ്ടും നടപടിയുമായി കേന്ദ്ര സർക്കാർ. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് 54 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്രം നിരോധിക്കുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നിരോധിച്ച ആപ്പുകളിൽ ടെൻസെന്റ്, ആലിബാബ, നെറ്റ് ഈസ് തുടങ്ങിയ വൻകിട ചൈന ടെക് സ്ഥാപനങ്ങളുടെ ആപ്പുകളും ഉൾപ്പെടുന്നു.
ബ്യൂട്ടി ക്യാമറ, സ്വീറ്റ് സെൽഫി എച്ച് ഡി, ബ്യൂട്ടി ക്യാമറ – സെൽഫി ക്യാമറ, ഇക്വലൈസർ & ബാസ് ബൂസ്റ്റർ, ക്യാം കാർഡ് ഫോർ സേൽസ് ഫോഴ്സ്, ഐസൊലാൻഡ് 2 ആഷസ് ഓഫ് ടൈം ലൈറ്റ്, വിവ വീഡിയോ എഡിറ്റർ, ടെൻസൻ്റ് എക്സ്റിവർ, ഓൺമയോജി ചെസ്, ഓൺമയോജി അറീന, ആപ്പ് ലോക്ക്, ഡ്യൂവൽ സ്പേസ് ലൈറ്റ് എന്നീ ആപ്പുകളാണ് പുതുതായി നിരോധിക്കുന്നത്.
2020 ജൂണിൽ ടിക് ടോക്കും, ഷെയർ ഇറ്റും, യു സി ബ്രൗസറും, ഹെലോയും, വീ ചാറ്റും അടക്കം 59 വമ്പൻ ചൈനീസ് ആപ്പുകളെ നിരോധിച്ചിരുന്നു. രാജ്യ സുരക്ഷ ചൂണ്ടിക്കാട്ടിയായിരുന്നു ഈ നിരോധനം. ചൈനയുമായുള്ള അതിർത്തിയിലെ സംഘർഷം രൂക്ഷമായതിന് ശേഷം ഇത് വരെ 300നടുത്ത് ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്.
നേരത്തെ നിരോധിക്കപ്പെട്ടിട്ടും പുതിയ രൂപത്തിൽ തിരിച്ചെത്തിയ ആപ്പുകളാണ് ഇപ്പോൾ നിരോധിക്കപ്പെട്ടവയിൽ കൂടുതലും. 2020ൽ പ്രശസ്ത മൊബൈൽ ഗെയിം പബ്ജിയും നിരോധിക്കപ്പെട്ടിരുന്നെങ്കിലും ഗെയിം സ്റ്റുഡിയോ ക്രാഫ്റ്റൺ ഇന്ത്യയിൽ പുതിയ ഓഫീസ് തുടങ്ങി, ഗെയിമിനെ ബാറ്റിൽ ഗ്രൗണ്ട് മൊബൈൽ ഇന്ത്യ എന്ന പേരിൽ പുനരവതരിപ്പിച്ചിരുന്നു.
ഈ ആപ്പുകളിൽ പലതും ക്ഷുദ്രകരമായ സോഫ്റ്റ്വെയർ പ്രവർത്തിപ്പിക്കുകയോ ഉപയോക്തൃ സമ്മതമില്ലാതെ ചൈന അധിഷ്ഠിത ഡാറ്റാ സെന്ററുകളിലേക്ക് ഉപയോക്തൃ വിവരങ്ങൾ നേരിട്ട് അയയ്ക്കുകയോ ചെയ്യുന്നതായി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. നിരോധിത ആപ്പുകളുടെ മുഴുവൻ പട്ടികയും MeitY ഉടൻ പുറത്തിറക്കാൻ സാധ്യതയുണ്ട്.