തിരുവനന്തപുരം: യുവതി ഭര്‍തൃവീട്ടില്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ മുന്‍ സൈനികനായ ഭര്‍ത്താവ് പിടിയില്‍. എന്‍ എസ് ദിവ്യ(38)യുടെ മരണത്തിലാണ് ഭര്‍ത്താവ് വെള്ളായണി സ്റ്റുഡിയോ റോഡ് കളീക്കല്‍ ലെയ്ന്‍ നന്ദാവനത്തില്‍ എസ് ബിജു (46) അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. മകള്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചിനാണ് തിരുവനന്തപുരത്തെ നേമത്തെ വീട്ടില്‍ വച്ച് ദിവ്യ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. ചികിത്സയിലിരിക്കെ ഒന്‍പതിന് മരിക്കുകയും ചെയ്തു. കുടുംബ വഴക്കിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ ഭാര്യയെ പിന്തിരിപ്പിക്കാന് ശ്രമിക്കാത്തതിനാണ് അറസ്റ്റ്. ഭീഷണി മുഴക്കിയ ദിവ്യയ്ക്ക് തീപ്പെട്ടിയെടുത്തു കൊടുത്തത് ബിജുവായിരുന്നു.
കുറ്റം ചുമത്തിയത് മകള്‍ നല്കിയ മൊഴിയില്‍
പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകള്‍ ആഷിദ ബിജു വീട്ടിലുള്ളപ്പോഴാണ് സംഭവം. മകള്‍ മജിസ്ട്രേട്ടിന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്. ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നും തീകൊളുത്താന്‍ ബിജു തന്നെയാണു തീപ്പെട്ടിയെടുത്തു കൊടുത്തതെന്നും പൊലീസ് പറഞ്ഞു. ഇയാളെ റിമാന്‍ഡ് ചെയ്തു.