ബഹ്റൈനില്‍ നിന്നു നാട്ടിലെത്തിയ കണ്ണൂർ സ്വദേശിയുടെ മൃതദേഹം പഴയങ്ങാടി പുഴയിൽ കണ്ടെത്തി. നാറാത്ത് പാമ്പുരുത്തിയിലെ മേലേപ്പാത്ത് ഹൗസിൽ അബ്ദുൽ ഹമീദി(42)ന്റെ മൃതദേഹമാണ് ഞായറാഴ്ച വൈകീട്ടോടെ പഴയങ്ങാടി മേലേപ്പുഴയിൽ നിന്ന് കണ്ടെത്തിയത്. ശനിയാഴ്ചയാണ് ഹമീദ് ബഹറിനിൽ നിന്ന് നാട്ടിലെത്തിയത്. കരിപ്പൂരിൽ വിമാനമിറങ്ങിയ ഇയാൾ കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് യാത്രതിരിച്ചെങ്കിലും വീട്ടിൽ എത്തിയില്ല. തുടർന്ന് വീട്ടുകാർ പോലീസിനെ അറിയിച്ചതനുസരിച്ച് പോലീസ് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കണ്ണൂരിൽ ട്രെയിൻ ഇറങ്ങിയിട്ടില്ലെന്ന് മനസിലായത്.
ഇതിനിടെ പാസ്സ്പോർട്ട് ഉൾപ്പെടെയുള്ള ലഗേജുകൾ മംഗലാപുരത്ത് ട്രെയിനിൽ കണ്ടെത്തുകയും ചെയ്തു. ഇതേത്തുടർന്ന് പൊലീസ് നടത്തിയ വിപുലമായ തെരച്ചിലിനിടെയാണ് പഴയങ്ങാടി പുഴയില്‍ നിന്നു മൃതദേഹം ലഭിച്ചത്. പഴയങ്ങാടി പോലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി. പരേതനായ മമ്മുഹാജി പിതാവും മേലേപ്പാത്ത് കുഞ്ഞാത്തു മാതാവുമാണ്.
ഭാര്യ: റാബിയ
മക്കൾ: റസൽ , റയ, സബാ, സൈബ
സഹോദരങ്ങള്‍: അബ്ദുല്‍ഖാദര്‍, റാസിഖ്(കെഎംസിസി യാമ്പൂ കണ്ണൂര്‍ ഖജാഞ്ചി), അബ്ദുസ്സലാം, ശിഹാബ്, ആയിഷ, റാബിയ, സക്കീന, ഖദീജ, പരേതയായ റുഖിയ