കോഴിക്കോട്: വന്യജീവി സംരക്ഷണ നിയമപ്രകാരം അനുമതിയില്ലാതെ പാമ്പുകളെ പിടിക്കുന്നത് കുറ്റകൃത്യമാണെന്നിരിക്കെ പരിശീലനം കഴിഞ്ഞ് സർട്ടിഫിക്കറ്റ് ലഭിക്കാത്തവർ പാമ്പിനെപിടിക്കുന്നത് കർശനമായി വിലക്കാൻ വനംവകുപ്പ്. വനംവകുപ്പ് പരിശീലിപ്പിച്ച് സർട്ടിഫിക്കറ്റ് നൽകിയവർ ഈ മാനദണ്ഡം പാലിക്കുന്നുണ്ട്. 2020-ൽ 1600 പേരെ പരിശീലിപ്പിച്ചതിൽ 928 പേർക്ക് സർട്ടിഫിക്കറ്റ് നൽകി. അഞ്ചുവർഷമാണ് ലൈസൻസ് കാലാവധിയെങ്കിലും ഇതിനിടയിൽ മാനദണ്ഡം പാലിക്കാതെ പാമ്പിനെ പിടിച്ചാൽ ലൈസൻസ് റദ്ദാക്കും.
വാവ സുരേഷ് വനംവകുപ്പ് നൽകിയ പരിശീലനത്തിൽ പങ്കെടുക്കുകയോ സർട്ടിഫിക്കറ്റ് നേടുകയോ ചെയ്തിട്ടില്ലെങ്കിലും അദ്ദേഹത്തിന് ആവശ്യമായ ചികിത്സയും സഹായധനവും നൽകാൻ വനംവകുപ്പ് തയ്യാറായിട്ടുണ്ട്. വാവ സുരേഷിനെ പോലുള്ളവർ അടിയന്തരമായി പരിശീലനപദ്ധതിയിൽ ചേർന്ന് സർട്ടിഫിക്കറ്റ് നേടണമെന്ന് വനംവകുപ്പ് കർശനമായി നിർദേശിക്കും. വനംവകുപ്പിന്റെ സർട്ടിഫിക്കറ്റില്ലാത്തവർ പാമ്പിനെ പിടിക്കുന്നത് വന്യജീവി സംരക്ഷണനിയമപ്രകാരം കുറ്റകൃത്യമാണ്. പാമ്പിനെ പിടിക്കുന്നവർ മൂന്ന് സുരക്ഷാമാനദണ്ഡവും ഉറപ്പുവരുത്തണം.ചേര, നീർക്കോലി, രാജവെമ്പാല, ചേനത്തണ്ടൻ, അണലി, മൂർഖൻ തുടങ്ങിയ പാമ്പുകളെ അംഗീകാരമില്ലാത്തവർ പിടിക്കുന്നത് മൂന്നുമുതൽ ഏഴുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.