മനാമ: ഭാരതത്തിൻറെ എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനം ബഹ്റൈനിലെ സീറോ മലബാർ സൊസൈററി സമുചിതമായി ആഘോഷിച്ചു. രാവിലെ സൊസൈറ്റി അങ്കണത്തിൽ സൊസൈറ്റി പ്രസിഡൻറ് ചാൾസ് ആലുക്ക ദേശീയ പതാക ഉയർത്തി.
ഫാസിസവും വർഗീയതയും സംഘടിത ശക്തികളായി വളരുമ്പോൾ ജനാധിപത്യത്തിൻറേയും മതേതരത്വത്തിൻറേയും കാവൽക്കാരാകാൻ ഉത്തരവാദിത്വബോധത്തോടെ സ്വയം പ്രവർത്തിക്കേണ്ട സമയമാണിതെന്ന് ചടങ്ങിൽ സംസാരിച്ച മുൻ പ്രസിഡണ്ട് ജേക്കബ് വാഴപ്പള്ളി പറഞ്ഞു.
അഹിംസയും സഹിഷ്ണുതയും ബഹുസ്വരതയും ആണ് ഇന്ത്യയുടെ ആത്മാവ് എന്ന് ചടങ്ങിൽ സംസാരിച്ച ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡണ്ട് സാനിപോൾ അഭിപ്രായപ്പെട്ടു.
നെഹ്റുവും, മഹാത്മാ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ കാഴ്ചവെച്ച ആത്മാർത്ഥവും ശക്തവുമായ പ്രവർത്തന ശൈലി പുതുയതലമുറ മാതൃകയാക്കേണ്ടതുണ്ടെന്ന് സ്വാഗത പ്രസംഗത്തിൽ ജനറൽ സെക്രട്ടറി സജു സ്റ്റീഫൻ പറഞ്ഞു.
കോർ ഗ്രൂപ്പ് ചെയർമാൻ പോൾ ഉർവത്ത് ഭാരവാഹികളായ മോൻസി മാത്യു, ജോയ് എലുവത്തിങ്കൽ, അലക്സ് സ്കറിയാ, റൂസ്സോ, കോട്ടയം പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറി ഷിബു എബ്രഹാം എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് പോളി വിതയത്തിൽ നന്ദിയും പറഞ്ഞു.