മനാമ: ബഹ്റൈൻ ക്ലൗഡ് കമ്പ്യൂട്ടിംഗിലേക്ക് മാറിയ ശേഷം സർക്കാരിന്റെ ഡാറ്റാബേസ് ഇൻഫ്രാസ്ട്രക്ചറിനും സിസ്റ്റത്തിനുമുള്ള പ്രവർത്തന ചെലവ് 60 മുതൽ 80 ശതമാനം വരെ കുറഞ്ഞു. ഇതുവഴി ദശലക്ഷക്കണക്കിന് ദിനാർ ലാഭിക്കാനും സാധിച്ചു.
ഒരു പ്രാദേശിക സെർവറിനുപകരം ഡാറ്റ സംഭരിക്കാനും നിയന്ത്രിക്കാനും പ്രോസസ്സ് ചെയ്യാനും ഇന്റർനെറ്റിൽ ഹോസ്റ്റ് ചെയ്തിരിക്കുന്ന റിമോട്ട് സെർവറുകളുടെ ഒരു നെറ്റ്വർക്ക് ഉപയോഗിക്കുന്ന രീതിയാണ് ക്ലൗഡ് കമ്പ്യൂട്ടിംഗ്.
ക്ലൗഡ് കമ്പ്യൂട്ടിംഗിലേക്കുള്ള നീക്കം ആരംഭിച്ച 72 മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ, ബാങ്കുകൾ, സർവകലാശാലകൾ എന്നിവയിൽ 32 എണ്ണം നടപടികൾ പൂർത്തിയാക്കിയതായി ഇൻഫർമേഷൻ ആൻഡ് ഇ ഗവൺമെന്റ് അതോറിറ്റി (ഇജിഎ) ചീഫ് എക്സിക്യൂട്ടീവ് മുഹമ്മദ് അൽ ഖാഇദ് വെളിപ്പെടുത്തി.
ഓരോ സ്ഥാപനത്തിനും വിവര ഡാറ്റാബേസ് തയ്യാറാക്കുന്നതിനുള്ള സമയം 60 ശതമാനം കുറയ്ക്കാൻ ക്ലൗഡ് സഹായിച്ചു. ഇതിന് പകരമായി ഉപകരണങ്ങൾ, കണക്ഷനുകൾ, അറ്റകുറ്റപ്പണികൾ എന്നിവയിൽ പ്രതിവർഷം ഏകദേശം 2 ദശലക്ഷം ദിനാർ മുതൽ 3 ദശലക്ഷം ദിനാർ വരെ ലാഭിക്കാൻ ഇത് സഹായിച്ചു.
ക്ലൗഡിൽ ആമസോണുമായി സഹകരിച്ച ശേഷം കഴിഞ്ഞ മൂന്ന് വർഷമായി ബഹ്റൈന്റെ ഡാറ്റാബേസ് ചെലവ് 50 ശതമാനത്തിലധികം കുറഞ്ഞതായി അൽ ഖാഇദ് പറഞ്ഞു. 750-ലധികം ബഹ്റൈനികൾ ക്ലൗഡിൽ പരിശീലനം നേടിയിട്ടുണ്ട്. ഭാവിയിൽ ഇത് കൂടുതൽ വിപുലീകരിക്കുന്നതിനായുള്ള ശ്രമത്തിലാണ് ബഹ്റൈൻ.
വിദ്യാഭ്യാസ മന്ത്രാലയം ക്ലൗഡിലേക്ക് മാറ്റിയതിലൂടെ മൂന്ന് വർഷത്തിനുള്ളിൽ 258,000 ഡോളർ ലാഭിക്കാൻ കഴിഞ്ഞു. ഇത് 89 ശതമാനം വരും. നീതി, ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്മെന്റ് മന്ത്രാലയത്തിന്റെ ആർക്കൈവുകളും ക്ലൗഡിലേക്ക് മാറ്റിയതിലൂടെ മൂന്ന് വർഷത്തിനുള്ളിൽ ലാഭം 218,000 ഡോളർ ആണ്. ഇത് 56 ശതമാനം വരും. ബിഎവെയർ, ബെനായത്, ഇലക്ട്രിസിറ്റി, വാട്ടർ അതോറിറ്റി ഉപഭോക്തൃ സേവനം തുടങ്ങിയ ആപ്ലിക്കേഷനുകൾ സമാരംഭിക്കുന്നതിനും ക്ലൗഡ് സഹായിച്ചിട്ടുണ്ട്.