തിരുവനന്തപുരം: സിനിമകളിലും സീരിയലുകളിലും സജീവമായിരുന്ന നടൻ ജി കെ പിള്ള അന്തരിച്ചു. 97 വയസ്സായിരുന്നു. ജി കേശവപിള്ള എന്നതാണ് യഥാർത്ഥ നാമം. ജി കെ പിള്ളയുടെ ഭാര്യ ഉത്പലാക്ഷിയമ്മ വർഷങ്ങൾക്കു മുൻപ് മരിച്ചു. പ്രതാപചന്ദ്രൻ, ശ്രീകല ആർ നായർ, ശ്രീലേഖ മോഹൻ, ശ്രീകുമാരി ബി പിള്ള, ചന്ദ്രമോഹൻ, പ്രിയദർശൻ എന്നിവരാണ് മക്കൾ.
1924-ൽ തിരുവനന്തപുരം ജില്ലയിലെ ചിറയിൻ കീഴിൽ ഗോവിന്ദ പിള്ളയുടെയും സരസ്വതിയമ്മയുടെയും മകനായി ജനിച്ച ജി കെ പിള്ള തന്റെ പതിഞ്ചാമത്തെ വയസ്സിൽ പട്ടാളത്തിൽ ചേർന്നു. അതിനിടയിൽ പ്രേംനസീറുമായി പരിചയപ്പെട്ടതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായത്. പട്ടാളത്തിൽ നിന്നും വിരമിച്ച ശേഷം 1954-ൽ ‘സ്നേഹ സീമ’ എന്ന സിനിമയിലൂടെ അദ്ദേഹം അഭിനയജീവിതത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് പ്രേംനസീര്‍ ചിത്രങ്ങളിലെ സ്ഥിരം വില്ലൻ മുഖമായിരുന്നു അദ്ദേഹം. 350- ഓളം ചിത്രങ്ങളില്‍ ജികെ പിള്ള അഭിനയിച്ചിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം എന്ന ചിത്രത്തിൽ അസിസ്റ്റന്റ് സംവിധായകനും അസിസ്റ്റന്റ് എഡിറ്ററുമായി ജി കെ പിള്ള പ്രവർത്തിച്ചു
എൺപതുകളുടെ അവസാനം വരെ സിനിമകളിൽ സജീവമായിരുന്നു ജികെ പിള്ള. അതിനു ശേഷം വളരെ കുറച്ചു സിനിമകളിലെ അദ്ദേഹം അഭിനയിച്ചിട്ടുള്ളൂ. 2005 ഓടെ അദ്ദേഹം ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചു തുടങ്ങി. കടമറ്റത്തു കത്തനാർ ആയിരുന്നു ആദ്യ സീരിയൽ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ‘കുങ്കുമപ്പൂവ്‘ എന്ന സീരിയലിലെ കഥാപാത്രമാണ് കുടുംബപ്രേക്ഷകർക്കിടയിൽ ജികെ പിള്ളയെ ഏറെ പ്രിയങ്കരനാക്കിയത്.