തിരുവനന്തപുരം: ഒമിക്രോണിന്റെയും, പുതുവത്സര ആഘോഷങ്ങളുടെയും പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണത്തിന് തുടക്കം. സത്യവാങ്മൂലമില്ലാത്തവർക്കു രാത്രി യാത്ര പോലീസ് അനുവദിക്കില്ല. കരമന മുതൽ കളിയിക്കാവിലവരെയുള്ള ദേശീയപാതയിലും ഇടറോഡുകളിലും പോലീസ് പരിശോധന കർശനമാക്കി.
നെയ്യാറ്റിൻകര ഡി വൈഎസ്പി എസ് ശ്രീകാന്ത്, നെയ്യാറ്റിൻകര സിഐ സാഗർ, എസ്ഐ .സെന്തിൽ കുമാർ തുടങ്ങിയവരുടെ
നേതൃത്വത്തിലായിരുന്നു രാത്രികാല പരിശോധന. ഡിസംബർ 30 മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ രാത്രി 10 മുതൽ രാവിലെ 5 വരെയാണു നിയന്ത്രണം. ശബരിമല, ശിവഗിരി തീർഥാടകർക്ക് ഇളവുണ്ട്.
രാത്രി 10 നു ശേഷമുളള പുതുവത്സരാഘോഷങ്ങൾക്കും ദേവാലയ ചടങ്ങുകൾക്കും നിയന്ത്രണം ബാധകമാണെന്നു ദുരന്തനിവാരണ വകുപ്പ് വ്യക്തമാക്കി. പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ മത, സാമുദായിക, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക കൂടിച്ചേരലുകൾ അനുവദിക്കില്ല. അടിയന്തര ആവശ്യങ്ങൾക്കു രാത്രി പുറത്തിറങ്ങുന്നവർ സ്വന്തം സാക്ഷ്യപത്രം കരുതണം.
നിയന്ത്രണം കർശനമായതോടെ, പല സ്ഥാപനങ്ങളും സംഘടനകളും പുതുവത്സര പരിപാടികൾ ഭാഗികമായി റദ്ദാക്കി. ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കുന്ന അതിഥികളെ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കണമെന്നു ടൂറിസം സംരംഭകർ ആവശ്യപ്പെട്ടു.
.
രാത്രി 10 വരെയുള്ള ആഘോഷങ്ങളിലും കോവിഡ് നിയന്ത്രണം കർശനമായി പാലിക്കണം. ഇതു പരിശോധിക്കാൻ പൊലീസിനെ ചുമതലപ്പെടുത്തി. ബാർ, ക്ലബ്, റസ്റ്ററന്റ് തുടങ്ങിയവയിൽ പകുതി സീറ്റിൽ മാത്രമേ ആളെ അനുവദിക്കാവൂ. ആൾക്കൂട്ട സാധ്യതയുളള ബീച്ചുകൾ, ഷോപ്പിങ് മാളുകൾ, പാർക്കുകൾ തുടങ്ങിയവ പൊലീസിന്റെ നിയന്ത്രണത്തിലായിരിക്കും. മേൽനോട്ടത്തിനു സെക്ടറൽ മജിസ്ട്രേട്ടുമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.