ന്യൂഡൽഹി: രാജ്യത്ത് രണ്ടു കോവിഡ് വാക്സിനുകള്‍ക്ക് കൂടി അംഗീകാരം. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവോവാക്സിനും ബയോളജിക്കല്‍ ഇയുടെ കോര്‍ബെവാക്സിനുമാണ് അംഗീകാരം ലഭിച്ചത്. ഇതിന് പുറമേ കോവിഡ് മരുന്നായ മോള്‍നുപിറവിറിന് നിയന്ത്രിത അനുമതി ലഭിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ട്വിറ്ററിലൂടെ അറിയിച്ചു.
നിലവിൽ ആറു വാക്സിനുകൾക്ക് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. കോവോവാക്സിനും കോർബെവാക്സിനും അനുമതി ലഭിച്ചതോടെ വാക്സിനുകളുടെ എണ്ണം എട്ടായി. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ തന്നെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, സൈഡസ് കാഡിലയുടെ സൈക്കോവ് ഡി, റഷ്യയുടെ സ്പുട്നിക് ഫൈവ്, അമേരിക്കൻ കമ്പനികളായ മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയ്ക്കാണ് നേരത്തെ അനുമതി ലഭിച്ചത്.