തിരുവനന്തപുരം: നിതി ആയോഗിന്റെ ദേശീയ ആരോഗ്യ വികസന സൂചികയിൽ കേരളം ഒന്നാമത്തെത്തിയതിനു തൊട്ടുപിന്നാലെ കേരളത്തെ അഭിനന്ദിച്ചും ഉത്തർപ്രദേശ് സർക്കാരിനെ പരിഹസിച്ചും കോൺഗ്രസ് എംപി ശശി തരൂർ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്ത് കൊണ്ടായിരുന്നു ട്വീറ്റ്.
യോഗി ആദ്യത്യനാഥ് ആരോഗ്യ സുരക്ഷ മാത്രമല്ല സദ്ഭരണവും എല്ലാവരെയും ഉൾപ്പെടുത്തിയുള്ള രാഷ്ട്രീയവും എന്തെന്ന് കേരളത്തെ കണ്ടുപഠിക്കണം. അങ്ങനെയെങ്കിൽ രാജ്യത്തിനു ഗുണം ഉണ്ടാകും. ഇല്ലെങ്കിൽ എല്ലാവരെയും അവരുടെ നിലവാരത്തിലേക്ക് അവർ വലിച്ചു താഴെയിടും– ശശി തരൂർ കുറിച്ചു. ആരോഗ്യ സുരക്ഷ എന്തെന്ന് കേരളം യുപിയെ കണ്ടു പഠിക്കണമെന്ന യോഗി ആദ്യത്യനാഥിന്റെ 2017ലെ പരാമർശം ഉൾക്കൊള്ളുന്ന വാർത്തയുടെ തലക്കെട്ടും തരൂർ ട്വീറ്റിനൊപ്പം പങ്കുവച്ചിരുന്നു.
മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് തടസ്സം നിൽക്കുന്ന കാര്യങ്ങളെ മാറ്റാൻ ശ്രമിക്കുകയാണെന്ന തരൂരിന്റെ വിമർശനം പാർട്ടിയിൽ വിമർശനങ്ങൾക്കു വഴിവച്ചിരുന്നു. കെ–റെയിലിന് അനുകൂലമായി ശശി തരൂർ എംപി എടുത്ത നിലപാടും വിമർശിക്കപ്പെട്ടു.