തിരുവനന്തപുരം: കേരളത്തിലെ ദേശീയ പാതകളില്‍ 97.15 കോടി രൂപയുടെ വിവിധ പ്രവൃത്തികള്‍ക്ക് കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതായി പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഏഴ് പദ്ധതികള്‍ക്കുള്ള ഭരണാനുമതിയും സാങ്കേതികാനുമതിയുമാണ് ലഭിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദ്ദേശം പരിഗണിച്ചാണ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണം അനുവദിച്ചിരിക്കുന്നത്.
ദേശീയ പാത 185 ല്‍ ഇടുക്കിയില്‍ രണ്ട് സ്ട്രെച്ചുകളിലാണ് നവീകരണത്തിന് അനുമതി ലഭിച്ചത്. വള്ളക്കടവ് – ചെളിമട സ്ട്രെച്ചില്‍ 22.94 കിലോ മീറ്റര്‍ വികസിപ്പിക്കാന്‍ 30.32 കോടി രൂപയാണ് അനുവദിച്ചത്. വെള്ളയാംകുടി മുതല്‍ – ഡബിള്‍ കട്ടിംഗ് വരെ റോഡ് നവീകരണത്തിന് 22.44 കോടി രൂപയും അനുവദിച്ചു. ഇവിടെ 13.83 കിലോ മീറ്റര്‍ റോഡിന്റെ നവീകരണമാണ് നടക്കുക. ദേശീയ പാത 766 ല്‍ കുന്നമംഗലം മുതല്‍ മണ്ണില്‍ ക്കടവ് വരെ 10 കിലോ മീറ്റര്‍ റോഡ് നവീകരണത്തിന് 15.56 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ദേശീയ പാത 183A യില്‍ കൈപ്പത്തൂര്‍ – പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ജംഗ്ഷന് വരെ 9.45 കോടി രൂപയുടെ പ്രവൃത്തിയാണ് നടത്തുക.ഇവിടെ 5.64 കിലോമീറ്റര്‍ റോഡ് നവീകരിക്കും.
കോഴിക്കോട് അടിവാരത്തെ എലിക്കാട് പാലം പുനരുദ്ധാരണത്തിന് 65 ലക്ഷം രൂപയും , എറണാകുളം വെല്ലിംഗ് ടണ്‍ ഐലന്റ്- കൊച്ചി ബൈപ്പാസ് റോഡിലെ മൂന്ന് പാലങ്ങളുടെ പുനരുദ്ധാരണത്തിനായി 8.33 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. എട്ട് ബ്ലാക്സ്പോട്ടുകളില്‍ ആവശ്യമായ നവീകരണ പ്രവര്‍ത്തനം നടത്താന്‍ 10.4 കോടി രൂപയുടെ പ്രവൃത്തികള്‍ക്കും അംഗീകാരം ലഭിച്ചു. മണര്‍കാട്, കഞ്ഞിക്കുഴി, പാറത്തോട്( കാഞ്ഞിരപ്പള്ളി ) , പത്തൊമ്പതാം മൈല്‍ , ഇരട്ടുനട, വടവാതൂര്‍, പതിനാലാം മൈല്‍ ( പുളിക്കല്‍ കവല), ആലംപള്ളി എന്നീ ബ്ലാക് സ്പോട്ടുകളിലാണ് പ്രവൃത്തി നടത്തുക.
സാങ്കേതിക അനുമതി കൂടി ലഭിച്ച സാഹചര്യത്തില്‍ ടെണ്ടര്‍ നടപടികള്‍ വേഗത്തില്‍ ആരംഭിക്കാന്‍ പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍ദ്ദേശം നല്കി. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദ്ദേശം നല്കി. നേരത്തെ കേന്ദ്ര ഉപരിതലഗതാഗത വകുപ്പു മന്ത്രി നിധിന് ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയില്‍ കേരളത്തിലെ പദ്ധതികള്‍ക്ക് വേഗത്തില്‍ അംഗീകാരം നല്കാന് നടപടി സ്വീകരിക്കണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടിരുന്നു.