ന്യു യോർക്ക്: ജനുവരി ഒന്നിന് ന്യു യോർക്ക് സിറ്റി മേയറായി സ്ഥാനമേൽക്കുന്ന എറിക് ആഡംസ്, ഇന്ത്യൻ വംശജ മീര ജോഷി അടക്കം അഞ്ച് വനിതകളെ ഡെപ്യുട്ടി മേയർമാരായി നിയമിച്ചു. മീര ജോഷി ഡെപ്യൂട്ടി മേയർ-ഓപ്പറേഷൻസ് ആയി സേവനമനുഷ്ഠിക്കും. ലോറൈൻ ഗ്രില്ലോ, മരിയ ടോറസ്-സ്പ്രിംഗർ, ഷീന റൈറ്റ്, ആനി വില്യംസ് ഐസോം എന്നിവരാണ് നിയമിതനായ മറ്റുള്ളവർ. പെൻസിൽവാനിയ സർവകലാശാലയിൽ നിന്ന് ജോഷി ബിരുദവും നിയമ ബിരുദവും നേടി. അഞ്ച് വർഷം സിറ്റിയുടെ ടാക്സി ആൻഡ് ലിമോസിൻ കമ്മീഷന്റെ ചെയർ ആയിരുന്നു അറ്റോർണി ആയ മീര ജോഷി. ആ സ്ഥാനത്ത് വലിയ പരാതികൾക്കിടയാകാതെ മുന്നോട്ടു നയിക്കാൻ അവർക്കായി. നഗരത്തെ ശരിയാ രീതിയിൽ നയിക്കാൻ വേണ്ട അറിവും പരിചയവും കഴിവും ഉള്ളവരാണ് നിയമിതരായ എല്ലാവരുമെന്ന് എറിക് ആഡംസ് പറഞ്ഞു.
‘മേയർ ആയി തിരഞ്ഞെടുക്കപ്പെട്ട എറിക് ആഡംസിനെയും എല്ലാ ന്യൂയോർക്കുകാരെയും സേവിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു,’ ജോഷി പറഞ്ഞു. “ഞങ്ങളുടെ മുന്നോട്ടുള്ള ജോലി വ്യക്തമാണ്. നഗരത്തിന്റെ പ്രവർത്തനങ്ങൾ ഓരോ സമൂഹത്തിന്റെയും ആവശ്യങ്ങൾ നിറവേറ്റുകയും കാര്യങ്ങളോട് തത്സമയം പ്രതികരിക്കുകയും അതുവഴി എല്ലാ നഗര കേന്ദ്രങ്ങൾക്കും മികവിന്റെ മാതൃകയാകുകയും വേണമെന്ന് അവർ വ്യക്തമാക്കി.