മനാമ: മലങ്കര ഓർത്തഡോക്സ് സഭയുടെ മധ്യ പൂർവ ദേശത്തെ മാതൃദേവാലയമായ ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ഒരു നിർണ്ണായക നാഴികക്കല്ലു കൂടി പിന്നിടിന്നു.
63 വർഷങ്ങൾ പിന്നിട്ട ബഹ്റൈൻ ഇടവകയിലെ യുവജന കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ ആരംഭിച്ച് 60 വർഷങ്ങൾ പൂർത്തീകരിക്കുന്ന വേളയിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വജ്ര ജൂബിലി ആഘോഷങ്ങൾക്കായി ഇടവകയിലെ യുവജനപ്രസ്ഥാനം തയ്യാറെടുക്കുന്നു.
വജ്ര ജൂബിലി (Diamond Jubilee) ആഘോഷങ്ങളുടെ ഉദ്ഘാടനം 2021 ഡിസംബർ 21 ചൊവ്വാഴ്ച വൈകിട്ട് 8 മണിക്ക് കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടത്തപ്പെടും. മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ തിരുമനസ്സുകൊണ്ട് ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ ഇടവക വികാരിയും യുവജന പ്രസ്ഥാനം പ്രസിഡന്റുമായ ഫാ. ബിജു ഫിലിപ്പോസ് കാട്ടുമറ്റത്തിൽ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ഇടവക മെത്രാപ്പോലീത്തയും ബോംബെ ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി, ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം പ്രസിഡന്റും നിരണം ഭദ്രാസനാധിപനുമായ അഭി ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനി എന്നിവർ അനുഗ്രഹ പ്രഭാഷണവും, യുവജപ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. അജി കെ തോമസ്, യുവജനപ്രസ്ഥാനം ബോംബെ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ജോർജ്ജ് എബ്രഹാം, ഇടവക ട്രസ്റ്റി സി.കെ തോമസ്, സെക്രട്ടറി ജോർജ്ജ് വർഗ്ഗീസ്, യുവജനപ്രസ്ഥാനം ബോംബെ ഭദ്രാസന കമ്മിറ്റി അംഗം അജി ചാക്കോ, വിവിധ അദ്ധ്യാത്മീക സംഘടനാ പ്രതിനിധികൾ എന്നിവർ ആശംസകൾ അറിയിക്കും.
യുവജന പ്രസ്ഥാനം ഭാരവാഹികളായ ബിബു എം ചാക്കോ (ലേ വൈസ് പ്രസിഡന്റ്), ഗീവർഗീസ് കെ ജെ (സെക്രട്ടറി), പ്രമോദ് വർഗ്ഗീസ് (ട്രഷറർ) എന്നിവരോടൊപ്പം വജ്ര ജൂബിലി കമ്മറ്റി ജനറൽ കൺവീനർ ക്രിസ്റ്റി പി വർഗ്ഗീസിന്റെ നേതൃത്വത്തിൽ വിവിധ കൺവീനർമാരും, കോർഡിനേറ്റർമാരും അടങ്ങിയ വിപുലമായ കമ്മറ്റി ആഘോഷങ്ങൾക്ക് നേതൃത്വം നൽകുമെന്ന് പ്രോഗ്രാം കൺവീനർ ജിനു ചെറിയാൻ, പബ്ലിസിറ്റി കൺവീനർ അജി ചാക്കോ എന്നിവർ അറിയിച്ചു.