മനാമ: ഇന്ത്യൻ സ്കൂൾ റിഫ കാമ്പസിൽ ബഹ്റൈൻ ദേശീയ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കൊവിഡ്-19 മാർഗനിർദേശങ്ങൾ പാലിച്ച് ഓൺലൈനിലും ഓഫ്ലൈനിലുമായി ഹൈബ്രിഡ് രീതിയിൽ ഡിസംബർ 15 വരെയുള്ള ആഴ്ചകളിലായിരുന്നു ആഘോഷ പരിപാടികൾ. ഈ മാസം ദേശീയ ദിനങ്ങൾക്ക് മുമ്പുള്ള ആഴ്ചകളിൽ നിരവധി പ്രവർത്തനങ്ങളും ആഘോഷങ്ങളും നടന്നു. ബഹ്റൈനും രാജ്യത്തിന്റെ ഭരണാധികാരികൾക്കും ആശംസകളുമായി വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. വിദ്യാർത്ഥികൾ പരമ്പരാഗത അറബി വേഷവിധാനങ്ങൾ അണിഞ്ഞ്, രാജ്യത്തിന്റെ ഉജ്ജ്വലമായ സംസ്കാരവും പൈതൃകവും ചിത്രീകരിക്കുന്ന നൃത്തങ്ങൾ അവതരിപ്പിച്ചു. മനോഹരമായ കവിതകൾ, ചിന്തനീയമായ പ്രസംഗങ്ങൾ, സംഗീതം, നൃത്തങ്ങൾ, മത്സരങ്ങൾ, അസംബ്ലികൾ എന്നിവ അവതരിപ്പിച്ചു, കുട്ടികൾ ചരിത്ര സ്മാരകങ്ങളും സന്ദർശിച്ചു.
ഡിസംബർ രണ്ടാം വാരം അറബിക് വാരാഘോഷങ്ങൾക്കായി സമർപ്പിച്ചു.അറബ് ലോകത്തിന്റെ സമ്പന്നമായ പാരമ്പര്യങ്ങളെക്കുറിച്ചും സാംസ്കാരിക മൂല്യങ്ങളെക്കുറിച്ചുമുള്ള ഉൾക്കാഴ്ചകൾ വിദ്യാർത്ഥികൾക്കിടയിൽ വളർത്തിയെടുക്കുന്നതിനായി നിരവധി പരിപാടികൾ നടന്നു. അറബിക് കവിതാ പാരായണം, നൃത്തങ്ങൾ, നാടോടിക്കഥകൾ, പരമ്പരാഗത പാചകരീതികൾ, വസ്ത്രധാരണം, പ്രധാന സംഭവങ്ങൾ, തീയതികൾ, എന്നിങ്ങനെ വിദ്യാർത്ഥികൾക്ക് അറിവ് പങ്കിടാനും നേടാനും സഹായിക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു . 1, 2, 3 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പ്രസംഗം തുടങ്ങിയ അനുബന്ധ മത്സരങ്ങളും നടത്തി.
ദേശീയ ഐക്യം വളർത്തുന്ന ദേശീയ ദിനാഘോഷങ്ങളുടെ പ്രാധാന്യം റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ ഊന്നിപ്പറഞ്ഞു. ബഹ്റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ബഹ്റൈൻ ഭരണാധികാരികൾക്കും രാജ്യത്തെ ജനങ്ങൾക്കും അഭിനന്ദനം അറിയിച്ചു.