മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം പുറത്തിറക്കിയ ” സ്പന്ദനം” മാഗസിൻ പ്രകാശനവും മലർവാടി ലിറ്റിൽ സ്കോളർ ഗ്ലോബൽ മത്സരത്തിലെ വിജയി ഹയ മറിയത്തിനുള്ള അനുമോദനവും സംഘടിപ്പിച്ചു. റിഫ ഏരിയയിലെ വീട്ടമ്മമാർ എഴുതിയ ഓർമ്മകുറിപ്പുകൾ അടങ്ങിയ മാഗസിൻ ബഹ്റൈനിലെ പ്രശസ്ത എഴുത്തുകാരി ധന്യ മേനോൻ ഫ്രന്റ്സ് വനിതാ വിഭാഗം പ്രസിഡന്റ് ജമീല ഇബ്രാഹിമിന് നൽകി കൊണ്ട് പ്രകാശനം നിർവ്വഹിച്ചു . വർത്തമാനകാല സാഹചര്യങ്ങളിൽ പെൺകുട്ടികളെ തങ്ങളുടെ സ്വത്വം തിരിച്ചറിഞ്ഞു വളർത്താനും സ്വയം അത് തിരിച്ചറിയാനും സ്ത്രീകൾ സന്നദ്ധരാകണമെന്നും ധന്യ മേനോൻ പറഞ്ഞു.
മലർവാടി ലിറ്റിൽ സ്കോളർ വിജയി ഹയ മറിയത്തിന് ഫ്രന്റ്സ് റിഫ ഏരിയ പ്രസിഡന്റ് ബുഷ്റ റഹീം മൊമെന്റോ സമ്മാനിച്ചു. ദിശ സെന്ററിൽ വച്ചു നടന്ന പരിപാടിയിൽ ഏരിയ കലാസാഹിത്യ വേദി കൺവീനർ സോന സക്കരിയ സ്വാഗതവും സെക്രട്ടറി സൗദ പേരാമ്പ്ര നന്ദിയും നിർവഹിച്ചു. ടീൻസ് കൺവീനർ ശൈമില നൗഫലിന്റെ പ്രാർത്ഥനാ ഗീതത്തോടെ ആരംഭിച്ച പരിപാടിയിൽ ഷാനി റിയാസ് ഗാനം ആലപിക്കുകയും ജമീല ഇബ്രാഹീം ആശംസയർപ്പിക്കുകയു ചെയ്തു. ഹസീബ ഇർഷാദ്, ഫാത്തിമ സാലിഹ്, ഷാനി സക്കീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.