മനാമ: തൊഴിൽ വിപണിയുടെ അഞ്ച് മേഖലകൾ പൂർണമായും ബഹ്റൈൻ വൽക്കരിക്കുന്നതിനുള്ള അടിയന്തര നിർദ്ദേശം പാലമെന്റിൽ അവതരിപ്പിച്ചു. മാധ്യമം, നിയമം, ശരിയ (മതം), ദന്തചികിത്സ, സാമൂഹ്യശാസ്ത്രം എന്നിവയാണ് സമ്പൂർണ ബഹ്റൈനൈസേഷൻ ആവശ്യപ്പെട്ടിട്ടുള്ള അഞ്ച് മേഖലകൾ. ഇബ്രാഹിം അൽ നെഫായിയുടെ നേതൃത്വത്തിലുള്ള അഞ്ച് എംപിമാർ ആണ് ഈ നിർദ്ദേശം അവതരിപ്പിച്ചത്. ഈ അഞ്ച് മേഖലകളിൽ ജോലി ചെയ്യാൻ താൽപ്പര്യമുള്ള നൂറുകണക്കിന് ബഹ്റൈനികൾ ഉണ്ടെങ്കിലും നിലവിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും പ്രവാസികളാണ്.
ഏത് റിക്രൂട്ട്മെന്റ് ഡ്രൈവിലും ബഹ്റൈനികൾ മുൻപന്തിയിലായിരിക്കണം. അനുയോജ്യരായ ഉദ്യോഗാർത്ഥി ലഭ്യമല്ലെങ്കിൽ മാത്രമേ പ്രവാസികളെ നിയമിക്കാൻ സാധിക്കൂ. അഞ്ച് മേഖലകളുടെ കാര്യത്തിൽ, ആവശ്യത്തിലധികം ബഹ്റൈനികൾ ഉണ്ട്. അതിനാൽ ഈ അഞ്ചു മേഖലകളിൽ സമ്പൂർണ്ണ ബഹ്റൈനൈസേഷൻ ഉറപ്പാക്കാൻ കഴിയും. പ്രാദേശിക ഉദ്യോഗാർത്ഥികളാരും ജോലിക്ക് വന്നില്ലെങ്കിൽ മാത്രമേ പെർമിറ്റ് പുതുക്കൂ.
പ്രവാസികൾക്ക് സർക്കാർ ജോലികളിൽ പരമാവധി രണ്ട് വർഷത്തെ കരാർ നൽകുന്ന 2010 ലെ സിവിൽ സർവീസ് നിയമത്തിലെ ഭേദഗതികൾ എംപിമാർ കഴിഞ്ഞ മാസം ഏകകണ്ഠമായി അംഗീകരിച്ചിരുന്നു. ബഹ്റൈനികൾക്ക് ജോലി മുൻഗണന നൽകാനുള്ള നിയമനിർമ്മാണത്തിനും അവർ ഏകകണ്ഠമായി അംഗീകാരം നൽകിയിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളിലെയും 50 ശതമാനമോ അതിൽ കൂടുതലോ സർക്കാർ സംഭാവനയുള്ള സ്ഥാപനങ്ങളിലെയും എല്ലാ ജോലികളും ബഹ്റൈനികൾക്ക് മാത്രമായി സംവരണം ചെയ്യണമെന്ന് കരട് ദേശീയ തൊഴിൽ നിയമത്തിൽ പറയുന്നു. എന്നിരുന്നാലും, തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ജോബ്സ് ബാങ്കിലോ സിവിൽ സർവീസ് കമ്മീഷനിലെ അപേക്ഷകരുടെ ഡാറ്റാബേസിലോ ഈ ജോലിക്ക് യോഗ്യതയുള്ള ബഹ്റൈനികൾ ഇല്ലെങ്കിൽ, പ്രവാസികൾക്ക് താൽക്കാലിക കരാറുകൾ നൽകാം.
1,05,000 പൗരന്മാർ ഇതിനകം തന്നെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇത് മൊത്തം ബഹ്റൈൻ തൊഴിലാളികളുടെ 69 ശതമാനം വരും.