മുംബൈ: രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്ന് ഐഐടി കാൺപൂരിലെ വിദഗ്ധൻ. മൂന്നാം തരംഗത്തിൽ രാജ്യത്ത് പ്രതിദിനം ഒന്ന് മുതൽ ഒന്നര ലക്ഷംവരെ കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടേക്കാം. മൂന്നാം തരംഗം ഫെബ്രുവരിയോടെ ഉണ്ടായേക്കാമെന്നും ഇതിന് രണ്ടാം തരംഗത്തെക്കാൾ തീവ്രത കുറവായിരിക്കുമെന്നാണ് നിലവിലെ വിലയിരുത്തലെന്ന് കോവിഡിന്റെ മാത്തമാറ്റിക്കൽ പ്രോജക്ഷനിൽ പങ്കാളിയായ മഹീന്ദ്ര അഗർവാൾ പിടിഐ വാർത്താ ഏജൻസിയോട് പറഞ്ഞു.
ഡെൽറ്റ വകഭേദത്തോളം മാരകമായിരിക്കില്ല ഒമിക്രോൺ വകഭേദമെന്നാണ് വിലയിരുത്തപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒമിക്രോൺ ആദ്യം റിപ്പോർട്ടു ചെയ്യപ്പെട്ട ദക്ഷിണാഫ്രിക്കയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്ന കേസുകൾ ഒന്നുംതന്നെ ഉണ്ടായിട്ടില്ല.
പുതിയ വകഭേദത്തിന് വ്യാപനശേഷി വളരെ കൂടുതലാണെങ്കിലും ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് മാരകമല്ലെന്ന സൂചനകളാണ് ലഭിക്കുന്നതെന്നും അഗർവാൾ വാർത്താ ഏജൻസിയോട് പറഞ്ഞു. രണ്ടാം തരംഗത്തിനിടെ രാജ്യത്ത് പ്രതിദിനം നാല് ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നു. മെയ് മാസത്തിലാണ് മൂന്നാം തരംഗം പാരമ്യത്തിലെത്തിയത്. ഭാഗിക ലോക്ഡൗൺ, രാത്രി കർഫ്യൂ, തിരക്ക് നിയന്ത്രിക്കൽ എന്നിവയിലൂടെ ഡെൽറ്റ വ്യാപനം നേരിട്ടതുപോലെ തന്നെ ഒമിക്രോൺ വ്യാപനം നിയന്ത്രിക്കാൻ കഴിയുമെന്നും അഗർവാൾ അഭിപ്രായപ്പെട്ടു.
രാജ്യത്ത് നിലവിൽ 23 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്ര (10), രാജസ്ഥാൻ (ഒൻപത്), കർണാടക (രണ്ട്), ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിൽ ഒന്നുവീതം എന്നിങ്ങനെയാണ് ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചിട്ടുള്ളത്.
ദക്ഷിണാഫ്രിക്കയിലാണ് ഈ വകഭേദം ആദ്യമായി തിരിച്ചറിഞ്ഞത്. ബി.1.1.529 എന്നാണ് ഈ വൈറസ് വകഭേദത്തിന്റെ ശാസ്ത്രീയ നാമം. നിലവിലെ കൊറോണ വൈറസ് വകഭേദങ്ങളെക്കാൾ വ്യാപനശേഷി കൂടുതലുള്ളതാണ് ഒമിക്രോൺ എന്നാണ് കരുതപ്പെടുന്നത്. നിലവിലെ കോവിഡ് വാക്സിനുകളെ ഇവ മറികടന്നേക്കുമെന്നും ശാസ്ത്രലോകം ഭയപ്പെടുന്നു.
ലോകാരോഗ്യ സംഘടനയുടെ നിഗമനം അനുസരിച്ച് ആശങ്കപ്പെടേണ്ട വകഭേദങ്ങൾ എന്ന വിഭാഗത്തിലാണ് ഒമിക്രോൺ വകഭേദത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഡെൽറ്റ വകഭേദത്തെയും ഈ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്.