ആലുവ: സ്ത്രീധന പീഡനത്തിന്റെ പേരില്‍ ആലുവയില്‍ ആത്മഹത്യ ചെയ്ത നവവധു മോഫിയ പര്‍വീണിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ഭർത്താവിനും കുടുംബത്തിനും സിഐക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് ആത്മഹത്യാകുറിപ്പിലുള്ളത്. അവര്‍ ക്രിമിനലുകളാണെന്നും കടുത്ത ശിക്ഷ നല്‍കണമെന്നും കത്തിലൂടെ ആവശ്യപ്പെടുന്നു. അതാണ് തന്റെ അവസാനത്തെ ആഗ്രഹമെന്ന് കുറിപ്പിലുണ്ട്.
എറണാകുളം ആലുവ എടയപ്പുറം സ്വദേശിയാണ് മോഫിയ പര്വിന്. വീട്ടില്‍ തുങ്ങിമരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. യുവതിയുടെ പരാതിയില്‍ ഇന്നലെ മോഫിയയുടെ ഭര്‍ത്താവിന്റെ വീട്ടുകാരെ വിളിച്ച് വരുത്തി പൊലീസ് സ്റ്റേഷനില്‍ വച്ച് ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ വച്ച് പെണ്‍കുട്ടിയെയും കുടുംബത്തെയും പൊലീസ് അധിക്ഷേപിച്ചു എന്നാണ് ആരോപണം. വിവാഹ ശേഷം 40 ലക്ഷം രൂപ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നതായി മോഫിയ പര്‍വിന്റെ പിതാവും മാധ്യമങ്ങളോട് പ്രതികരിച്ചു. പരാതി നല്കാനെത്തിയപ്പോള് സിഐ മോശമായി സംസാരിച്ചെന്നും മോഫിയയുടെ പിതാവും ആരോപിച്ചു.