കൊച്ചി: ശബരിമലയിലെ ഹലാൽ ശർക്കര ഉപയോഗത്തിൽ ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈകോടതി. മറ്റ് മതസ്ഥരുടെ മുദ്ര വച്ച ആഹാര സാധനം ശബരിമലയിൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് ഹർജിയിൽ പറയുന്നത്. ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ കുമാറാണ് ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര പ്രസാദ നിർമ്മാണത്തിന് ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതിയെ സമീപിച്ചത്. എന്നാൽ വിദേശത്തേക്ക് കയറ്റി അയക്കുന്ന ശർക്കരയാണ് ശബരിമലയിൽ ഉപയോഗിക്കുന്നതെന്ന് ദേവസ്വം ബോർഡ് പറഞ്ഞു. അറബ് രാജ്യങ്ങളിലേക്കുൾപ്പെടെ കയറ്റുമതി ചെയ്യുന്ന ശർക്കരയായതിനാലാണ് ഹലാൽ സ്റ്റിക്കറെന്നും ബോർഡ് വ്യക്തമാക്കി.
ശബരിമലയിൽ അരവണ പ്രസാദത്തിന് ഉപയോഗിക്കുന്നതിനായി എത്തിച്ചിരിക്കുന്നത് ഹലാൽ മുദ്ര പതിപ്പിച്ച ശർക്കര പാക്കറ്റുകൾ ആണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു സംഘടനകളും രംഗത്ത് വന്നിരുന്നു. ദേവസ്വം ബോർഡ് ശബരിമലയിലേക്ക് ശർക്കര വാങ്ങുന്നത് സ്വകാര്യ കമ്പനികളിൽ നിന്നാണ്. ഹലാൽ മുദ്ര പതിപ്പിച്ച ശർക്കര പാക്കറ്റുകളാണ് പമ്പയിലും സന്നിധാനത്തുമുള്ള ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്നത്. അരവണ പ്രസാദത്തിന് പുറമെ ഉണ്ണിയപ്പം ഉണ്ടാക്കാനും ഇതേ ശർക്കരയാണ് ഉപയോഗിക്കുന്നത്. സ്വകാര്യ കമ്പനിക്കാണ് ശർക്കര എത്തിക്കുന്നതിനുള്ള ടെൻഡർ നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം കരാർ ഏറ്റെടുത്തിരുന്ന അതേ സ്വകാര്യ കമ്പനി തന്നെയാണ് ഈ വർഷവും ടെൻഡർ ഏറ്റെടുത്തിരിക്കുന്നത്.