ദുബായ്: എക്സ്പോ സന്ദർശിക്കാൻ 2500 ജീവനക്കാർക്ക് സൗജന്യ ടിക്കറ്റ് നൽകി ദുബായിയിലെ കമ്പനി. അന്താരാഷ്ട്ര പൊതു സേവന സ്ഥാപനമായ സെർകോ മിഡിൽ ഈസ്റ്റാണ് ജീവനക്കാർക്ക് സൗജന്യ ടിക്കറ്റ് നൽകുന്നത്. സെർകോ മിഡിൽ ഈസ്റ്റിന്റെ സിഇഒ ഫിൽ മാലെം ആണ് ഇക്കാര്യം അറിയിച്ചത്.
തങ്ങളുടെ കീഴിലുള്ള തൊഴിലാളികൾ എക്സ്പോ വേദിയിലെ അനുഭവങ്ങൾ ആസ്വദിക്കാനും കമ്പനി ആഗ്രഹിക്കുന്നുവെന്നും അതിനാലാണ് ഇത്തരമൊരു അവസരം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ ഫുഡ് പാക്കേജിങ് ഉൽപ്പന്ന നിർമ്മാതാക്കളായ ഹോട്പാക്ക് ഗ്ലോബലും ബെയ്റ്റ്.കോമും എക്സ്പോ വേദി സന്ദർശിക്കുന്നതിനായി ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിച്ചിരുന്നു. ജീവനക്കാർക്ക് ശമ്പളത്തോട് കൂടി മൂന്ന് ദിവസത്തെ പ്രത്യേക അവധിയാണ് ഹോട്പാക്ക് ഗ്ലോബൽ അനുവദിച്ചത്.
യുഎഇയിലെ ഹോട്പാക്ക് ഗ്ലോബലിന്റെ 2,000 ജീവനക്കാർക്ക് എക്സ്പോ 2020 സന്ദർശിക്കാനും വ്യത്യസ്തമായ സംസ്കാരങ്ങൾ മനസ്സിലാക്കാനുമുള്ള അവസരമാണ് ജീവനക്കാർക്ക് ലഭ്യമാകുന്നത്. യുഎഇയ്ക്ക് പുറത്ത് മറ്റ് ജിസിസി രാജ്യങ്ങളിലും യൂറോപ്പിലും ജോലി ചെയ്യുന്ന തങ്ങളുടെ ജീവനക്കാർക്ക് എക്സ്പോ സന്ദർശിക്കാനുള്ള പ്രത്യേക പദ്ധതിയും കമ്പനിയുടെ പരിഗണനയിലാണ്.