മനാമ: ലുലു ഹൈപർമാർക്കറ്റിൽ 10 വർഷം സേവനം പൂർത്തിയാക്കിയ ബഹ്റൈനി ജീവനക്കാരെ ആദരിച്ചു. തൊഴിൽ, സാമൂഹിക ക്ഷേമമന്ത്രി ജമീൽ അൽ ഹുമൈദാന്റെ രക്ഷാധികാരത്തിലായിരുന്നു ചടങ്ങ്. ദാന മാളിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ സമീർ നാസ്, തൊഴിൽ കാര്യങ്ങൾക്കുള്ള അസി. അണ്ടർ സെക്രട്ടറി അഹ്മദ് അൽ ഹൈക്കി, ദാദാബായ് ഗ്രൂപ് ചെയർമാൻ മുഹമ്മദ് ദാദാബായ്, ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല എന്നിവർ പങ്കെടുത്തു.
ബഹ്റൈനി ജീവനക്കാരുടെ വിജയത്തിന് കരുത്തുപകർന്ന തൊഴിലിടമാണ് ലുലു എന്ന് ജമീൽ അൽ ഹുമൈദാൻ പറഞ്ഞു. സ്വദേശിവത്കരണത്തിലെ ലുലുവിന്റെ പ്രവർത്തന ചരിത്രം റീട്ടെയിൽ മേഖലയിലെ നാഴികക്കല്ലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അർപ്പണ മനോഭാവവും സൗഹൃദ സമീപനവുമുള്ള ബഹ്റൈനി ജീവനക്കാർ ലുലുവിന്റെ വളർച്ചക്ക് മികച്ച സംഭാവനയാണ് നൽകുന്നതെന്ന് ജുസെർ രൂപവാല പറഞ്ഞു. ബഹ്റൈനി ജീവനക്കാരുടെ മികവ് പ്രയോജനപ്പെടുത്താനുള്ള ലുലുവിന്റെ കഴിവ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലിയുടെ കാഴ്ചപ്പാടിന്റെ ഫലമാണ്.
ദേശീയ ലക്ഷ്യങ്ങളോടും പ്രാദേശിക പ്രതിഭാ സമ്പത്തിനോടും ചേർന്ന് പോകുന്നതാണ് ലുലുവിന്റെ വളർച്ചയെന്ന് ചെയർമാൻ എപ്പോഴും സൂചിപ്പിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.