ലണ്ടൻ : മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യരാഷ്ട്ര സഭയുടെ കോപ്-26 ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് ചർച്ച നടന്നത്. ലോകത്തിന്റെ സുസ്ഥിര വികസനത്തിനായുള്ള പദ്ധതികൾ ഇരുവരും ചർച്ച ചെയ്തു. ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ചർച്ചകളും നടന്നു. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
ഇസ്രായേൽ പ്രധാനമന്ത്രി നെഫ്താലി ബെനറ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ദൃഢമാക്കുന്നതിന് വേണ്ടിയുള്ള ആലോചനകളാണ് നടന്നത്.
നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദൂബ, യുക്രെയിൻ പ്രസിഡന്റ് വോളോഡൈമിർ സെലൻസ്കി എന്നിവരുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണുമൊത്ത് നരേന്ദ്ര മോദി സ്മോൾ ഐലന്റ് ഡെവലെപ്മെന്റ് സ്റ്റേറ്റ്( എസ്.ഐ.ഡി.എസ്) എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.
ഐ.എസ്.ആർ.ഒയുടെ സാങ്കേതിക സഹായത്താൽ ചെറുദ്വീപുരാജ്യങ്ങൾക്ക് ഇന്ത്യ വിപുലമായ ഡാറ്റാ വിൻഡോ തയ്യാറാക്കുന്ന പദ്ധതിയാണിത്.
കാലാവസ്ഥ അടക്കമുള്ള എല്ലാ അന്താരാഷ്ട്ര വിവരങ്ങളും ഏകജാലക സാങ്കേതിക വിദ്യയിലൂടെ ഇന്ത്യ നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയിൽ അറിയിച്ചു.
തിങ്കളാഴ്ച പുലർച്ചെയാണ് ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി പ്രത്യേക വിമാനത്തിൽ യുകെയിലെ ഗ്ലാസ്ഗോവിലെത്തിയത്. ബ്രിട്ടണിലെ ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം നൽകിയിരുന്നു.