തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രക്കിടയിൽ നാലുവർഷങ്ങൾക്ക് മുമ്പ് മരിച്ച യുവതിയുടെ മരണസർട്ടിഫിക്കേറ്റ് എത്രയുംവേഗം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്.
തിരുവനന്തപുരം ആർ ഡി ഒ ക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്. വെള്ളറട സ്വദേശിനി ജയകുമാരി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ജയകുമാരിയുടെ മകൾ വി. ഷിനിയാണ് 2017 ജൂൺ 15 ന് മരിച്ചത്. പ്രസവത്തിനിടെ അഞ്ചുമരങ്കാല ദേവി ആശുപത്രിയിൽ നിന്നും എസ് എ റ്റി ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലായിരുന്നു മരണം.
കമ്മീഷൻ ജില്ലാകളക്ടറിൽ നിന്നും റിപ്പോർട്ട് വാങ്ങി. യുവതിയെ തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് മരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പ്രസവത്തിനായി പ്രവേശിപ്പിച്ച വെള്ളറട അഞ്ചുമരങ്കാല ആശുപത്രിയിലും എസ് എ റ്റി യിലും മരണം രജിസ്റ്റർ ചെയ്തില്ല. ഈ സാഹചര്യത്തിൽ പരാതിക്കാരിയുടെ അപേക്ഷയുടെയും എഫ് ഐ ആറിന്റെയും അടിസ്ഥാനത്തിൽ മരണം വൈകി രജിസ്റ്റർ ചെയ്യാൻ അനുമതി നൽകിയതായി ജില്ലാകളക്ടർ അറിയിച്ചു. അനുമതി ലഭിച്ച സാഹചര്യത്തിൽ മരണ സർട്ടിഫിക്കേറ്റ് നൽകാൻ കമ്മീഷൻ ഉത്തരവിട്ടു.