തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ക്ക് ഒക്ടോബര്‍ 12ന് ഒരു കത്ത് ലഭിച്ചു. കൊടുങ്ങല്ലൂരില്‍ നിന്നും രമേശ്മേനോന്‍ എഴുതിയ ഒരു സഹായ അഭ്യര്‍ത്ഥനയായിരുന്നു അത്. തന്റെ ജീവന് നിലനിര്‍ത്താന്‍ ഭക്ഷണവും താമസിക്കാന്‍ സുരക്ഷിതമായ ഒരിടവും ഒരുക്കിതരണമെന്നായിരുന്നു രമേശ്മേനോന്റെ അപേക്ഷ.
രമേശ് മേനോന് അറുപത് ശതമാനം ഭിന്നശേഷിക്കാരനാണ്. മുപ്പത് വര്‍ഷത്തിലേറെ ഗള്‍ഫില്‍ എല്ലുമുറിയ പണിയെടുത്ത് കുടുംബത്തിന് താങ്ങും തണലുമായ മനുഷ്യന്. നാളേറെ കഴിയും മുന്‍പ് ദിനേശ് മേനോന്റെ സര്‍വ്വ സമ്പാദ്യങ്ങളും ഏക മകന് സ്വന്തമാക്കി, അയാള്‍ സ്വന്തം അച്ഛനെ കൊടുങ്ങല്ലൂരിലെ അമ്പലമുറ്റത്ത് നടതള്ളി. ലോകമാകെ കോവിഡ് പടര്‍ന്നുപിടിക്കുന്ന കാലമായിരുന്നു അത്. ലോക്ഡൗണ്‍ മൂലം നിത്യപൂജയ്ക്കല്ലാതെ അമ്പലം പോലും തുറക്കാത്ത കാലം. നിവേദ്യ ചോറുപോലും ഇല്ലാത്ത ആ സമയത്ത് കമ്യൂണിറ്റി കിച്ചനാണ് രമേശ് മേനോന് ആശ്വാസമായത്. കോവിഡിന്റെ രൂക്ഷത കുറഞ്ഞപ്പോള്‍ മേനോന്റെ ദൈന്യത കണ്ട നാട്ടുകാരാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് തന്റെ അവസ്ഥ വിവരിച്ച് നിവേദനമയക്കാന് പറഞ്ഞത്.
രമേശ് മേനോന്റെ കത്ത് വായിച്ച മന്ത്രി ഗോവിന്ദന് മാസ്റ്റര്‍ വിഷയത്തില്‍ ഇടപെട്ടു. അന്ന് തന്നെ കൊടുങ്ങല്ലൂര്‍ നഗരസഭാ ചെയര്‍മാനെയും സെക്രട്ടറിയെയും ബന്ധപ്പെട്ടു. ഉടനടി പ്രശ്നപരിഹാരം കാണാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശിച്ചു. ഇപ്പോള്‍ രമേശ് മേനോന് സമയാസമയം ആഹാരം ലഭിക്കുന്നുണ്ട്. കാഴ്ചാപരിമിതിയുമായി ബന്ധപ്പെട്ടുള്ള മരുന്നുകള്‍ അദ്ദേഹത്തിന്റെ കൈകളിലേക്ക് എത്തുന്നുണ്ട്. സുരക്ഷിതമായി കയറി കിടക്കാന്‍ അഗതിമന്ദിരത്തില്‍ സൗകര്യവുമൊരുക്കി നല്‍കിയിട്ടുണ്ട്. ആരുമില്ലെന്ന തോന്നലില്‍ നിന്ന് കരുതലും കൈത്താങ്ങുമായി ആരൊക്കെയോ ഉണ്ടെന്ന വിശ്വാസമുണ്ട്.
ഇത്തരത്തില്‍ പ്രശ്നപരിഹാരമുണ്ടാവുമെന്ന് രമേശ് മേനോന് കരുതിയിരുന്നില്ല. പണ്ട് സര്‍ക്കാര്‍ സംവിധാനങ്ങളോട് ഇടപെട്ട വേളകളിലുണ്ടായ ദുരനുഭവങ്ങള്‍ അദ്ദേഹത്തിന്റെ മനസില്‍ കറുപ്പായി ഉണ്ടായിരുന്നു. പക്ഷെ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സമയബന്ധിതമായി വിഷയത്തില്‍ ഇടപെടുകയും തന്റെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുകയും ചെയ്തപ്പോള്‍ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് അദ്ദേഹം ഒരു വോയ്സ് മെസ്സേജ് മന്ത്രിക്ക് അയച്ചു. അതിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലുമായി. ആരുമില്ലാത്തവരുടെ കൂടെ പിണറായി വിജയന് സര്‍ക്കാരുണ്ടെന്ന ഉറപ്പോടെ രമേശ് മേനോന് സന്തോഷത്തോടെ ഇരിക്കുകയാണ്.