തിരുവനന്തപുരം: വിളപ്പിൽശാലയിൽ പേയാട് സിപിഐഎംഏരിയ കമ്മിറ്റി അംഗമായ വിട്ടിയം ഫാത്തിമ്മ മൻസിലിൽ അസീസിന്റെ വീടിന് നേരെ പടക്കമെറിഞ്ഞു. സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് സംഘം വീട്ടിനുള്ളില്‍ കയറി വീട്ടുപകരണങ്ങള്‍ അടിച്ച് തകര്‍ത്തു. ഇന്നലെ വൈകുന്നേരം നാലരയോടെ ആണ് സംഭവം.
സംഭവ സമയം അസീസിന്റെ ഭാര്യ ഷംസാദ് , ഇളയ മകൻ എന്നിവർ മാത്രമാണ് ഈ സമയം വീട്ടിൽ ഉണ്ടായിരുന്നത്. ദേശാഭിമാനി പത്രത്തിന്റെ വരിസംഖ്യ അടയ്ക്കുന്നതിന് തിരുവനന്തപുരം ഓഫീസിൽ പോയിരിക്കുകയായിരുന്നു മുൻ പഞ്ചായത്ത് അംഗം കൂടിയായ അസീസ്. ഈ സമയത്താണ് അക്രമി സംഘം വീടിന് നേര്‍ക്ക് പടക്കം എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചത്.
പടക്കം പൊട്ടിയതിന് ശേഷം പറമ്പിലേക്ക് കടന്ന അക്രമി സംഘം വീടിന്റെ മുൻവശത്തെ ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയും, കതക് ചവിട്ടി തുറന്നു അകത്തു കയറി ടിവി, വാഷ് ബേസിൻ ഉൾപ്പടെയുള്ള ഗൃഹോപകരണങ്ങൾ അടിച്ചു തകർക്കുകയും ചെയ്തതു. അഞ്ചുപേരുൾപ്പെട്ട സംഘമാണ് ആക്രമണം നടത്തിയതെന്ന് അസീസിന്റെ ഭാര്യ ഷംസാദ് പറഞ്ഞു. ഇവരിൽ മൂന്നുപേരെ കണ്ടാൽ തിരിച്ചറിയുമെന്നും ഇവർ പറഞ്ഞു.
അക്രമി സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് ഇവരെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഇളയ മകനുമായി അകത്തെ മുറിയിൽ കയറി കതകടച്ച് രക്ഷപെടുകയായിരുന്നുവെന്ന് ഷംസാദ് പറഞ്ഞു.
സംഭവം അറിഞ്ഞെത്തിയ വിളപ്പിൽശാല പൊലീസ് വീട്ടുകാരിൽ നിന്നും മൊഴി രേഖപ്പെടുത്തി, സ്ഥല പരിശോധന നടത്തി. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പേയാട് പള്ളിമുക്കിൽ വച്ച് അസീസിന്റെ മകൻ അസീമും മറ്റൊരു യുവാവും തമ്മിൽ ദിവസങ്ങൾക്ക് മുൻപ് അടിപിടിയുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ യുവാവും സംഘവും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും വിളപ്പില്‍ശാല പൊലീസ് പറഞ്ഞു.