തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 55 പേർ മരിച്ചെന്ന് റവന്യുമന്ത്രി കെ രാജൻ .പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം
അടിയന്തര പ്രമേയത്തിനുള്ള മറുപടി
നമ്മുടെ സംസ്ഥാനത്ത് അപ്രതീക്ഷിതമായി ഉണ്ടായ പ്രളയ ദുരന്തത്തില്‍ 55 വിലപ്പെട്ട ജീവനുകളാണ് നമുക്ക് നഷ്ടപ്പെട്ടത്. അവരുടെ വേര്‍പാടില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുകയാണ്. കഴിഞ്ഞ 2 മഹാ പ്രളയങ്ങളുടെ പാഠം ഉള്‍ക്കൊണ്ടുകൊണ്ട് ഇനിയൊരു പ്രളയം ഉണ്ടായാല്‍ എങ്ങനെ നേരിടണം എന്നത് സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടോട് കൂടി ശാസ്ത്രീയമായും ഗൗരവമായ നടപടികളാണ് കഴിഞ്ഞ 2 വര്‍ഷക്കാലവും സർക്കാർ നടത്തിയത്. ഈ മഴക്കാലത്തിനും അപ്രതീക്ഷിതമായി പെയ്യുന്ന മഴയും നേരിടുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ മുഴുവൻ വകുപ്പുകളുടെയും ദേശീയ-സംസ്ഥാന രക്ഷാസേനകളുടെയും യോഗം വിളിച്ച് ചേർക്കുകയും സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും ചെയ്തിരുന്നു.
തയ്യാറെടുപ്പിന്റെ ഭാഗമായി സംസ്ഥനത്ത് ആവശ്യമായ കേന്ദ്ര സേനകളുടെ വിന്യാസം പ്രസ്തുത യോഗത്തിലൂടെ ബന്ധപ്പെട്ടവരെ അറിയിച്ചു. മുഴുവൻ വകുപ്പുകൾക്കും ദുരന്ത ലഘൂകരണ, പ്രതിരോധ, പ്രതികരണ പ്രവർത്തനങ്ങൾക്കായി സുവ്യക്തമായ ഒരു മാർഗ രേഖ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കി പ്രസിദ്ധീകരിച്ചിരുന്നു.
സംസ്ഥാനത്തെ ഓരോ സർക്കാർ വകുപ്പുകളും രക്ഷാസേനകളും പൊതുജനങ്ങളും എങ്ങനെയാണ് മഴക്കാലത്തിന് തയ്യാറെടുക്കേണ്ടതെന്നും ഒരു ദുരന്ത സാഹചര്യം ഉണ്ടായാൽ ഏത് വിധേനയാണ് പ്രവർത്തിക്കേണ്ടതെന്നും സൂക്ഷ്മമായി മാർഗ നിർദേശം നൽകുന്ന ഒരു കൈപുസ്തകമാണ് സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റി തയ്യാറാക്കിയിട്ടുള്ള ഓറഞ്ച് ബുക്കില്‍ വിവിധങ്ങളായ കാലാവസ്ഥ മുന്നറിയിപ്പുകൾ മനസ്സിലാക്കേണ്ട വിധവും ഓരോ മുന്നറിയിപ്പനുസരിച്ചും ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിക്കേണ്ട നടപടികള്‍ വിശദീകരിച്ചിട്ടുണ്ട്. ഇതിന് അനുസൃതമായിട്ടാണ് എല്ലാ പ്രവര്‍ത്തനങ്ങളും പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയിട്ടുള്ളത്.
ഇപ്പോള്‍ അപകടം സംഭവിച്ച കൂട്ടിക്കൽ വില്ലേജിന് സമീപം പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജിൽ സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് കാലാവസ്ഥ മാപിനിയിലൂടെയും കൊക്കയാറിന്റെ അടുത്തായി സ്ഥിതി ചെയ്യുന്ന മഴ മാപിനിയിലൂടെയും ഓരോ 15 മിനുട്ടിലും ലഭിച്ച മഴയുടെ വിവരങ്ങൾ ലഭ്യമാണ്. 2018 ലെ പ്രളയനാന്തരം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും ചേർന്ന് സ്ഥാപിച്ചതാണ് ഈ രണ്ട് മഴ മാപിനികളും കളും.
ഈ രണ്ട് മഴ മാപിനികളിൽ രേഖപ്പെടുത്തിയ മഴ വിവരങ്ങൾ പരിശോധിക്കുമ്പോൾ കൂട്ടിക്കലിനടുത്തുള്ള പൂഞ്ഞാറിൽ 11/10/2021 മുതൽ 16/10/2021 രാവിലെ 8.30 വരെ രേഖപ്പെടുത്തിയ ആകെ മഴ 140 മില്ലി മീറ്റർ മാത്രമാണ്. 11/10/2021 പകൽ 8 മുതൽ 12/10/2021 പകൽ 8 വരെയുള്ള സമയത്ത് 72 മില്ലിമീറ്റർ മഴയും 13/10/2021 ന് 24 മില്ലിമീറ്ററും 14/10/2021 ന് 14 മിമീ 15/10/2021 ന് 15 മിമീ 15/10/2021 പകൽ 8 മുതൽ 16/10/2021 പകൽ 8 വരെ 12.5 മില്ലിമീറ്റർ മഴയുമാണ് ലഭിച്ചത്. അതായത് ഒക്ടോബർ 12 ന് ശേഷം പ്രദേശത്ത് നേരിയ മഴ മാത്രമായിരുന്നു ലഭിച്ചു കൊണ്ടിരുന്നത്. എന്നാൽ ഒക്ടോബർ 16 ന് പകൽ സമയത്ത് പൊടുന്നനെ മഴ ശക്തിപ്പെടുന്ന സാഹചര്യമാണുണ്ടായത്.
പൂഞ്ഞാർ സ്റ്റേഷനിലെ മഴ വിവരങ്ങൾ പരിശോധിക്കുമ്പോൾ പകൽ 8.30 മുതൽ 11.30 വരെയുള്ള 3 മണിക്കൂറിൽ 117 മില്ലിമീറ്റർ മഴയാണ് പെയ്തത്. കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ എന്നതിനെ നിർവചിക്കുന്നത് 24 മണിക്കൂറിൽ 205 മില്ലിമീറ്റർ മഴ ലഭിക്കുന്നതിനെയാണ് എന്നത് കൂടി പരിഗണിക്കുമ്പോൾ 3 മണിക്കൂർ കൊണ്ട് ലഭിച്ച മഴയുടെ തീവ്രത മനസ്സിലാകും.
ഏകദേശം 11.30 നോട് കൂടിയാണ് കൂട്ടിക്കലിൽ ഉരുൾപൊട്ടൽ ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. അന്നേ ദിവസം 24 മണിക്കൂറിൽ പൂഞ്ഞാറിൽ ലഭിച്ച ആകെ മഴ 164.5 മില്ലിമീറ്റർ മഴയാണ്. കാലാവസ്ഥ വകുപ്പിൻറെ കാഞ്ഞിരപ്പള്ളി മഴമാപിനിയിൽ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട മഴ 266 മില്ലി മീറ്ററാണ്. പൂഞ്ഞാർ സ്റ്റേഷനിൽ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2021 ജൂൺ 1 മുതൽ ഒക്ടോബർ 16 വരെ ലഭിച്ച ആകെ മഴ 2768 മില്ലിമീറ്ററാണ്.
കൂട്ടിക്കലിൽ നിന്ന് അധികം ദൂരത്തല്ലാത്ത പ്രദേശമാണ് കൊക്കയാർ. കൊക്കയാറിൽ ഉരുൾപൊട്ടൽ നടന്ന പ്രദേശത്ത് നിന്ന് ഏറ്റവുമടുത്തുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ പീരുമേട് ഓട്ടോമാറ്റിക് കാലാവസ്ഥ മാപിനിയിൽ നിന്ന് ലഭ്യമായ വിവരങ്ങൾ പരിശോധിക്കുമ്പോൾ 11/10/2021 മുതൽ 16/10/2021 രാവിലെ 8.30 വരെ രേഖപ്പെടുത്തിയ ആകെ മഴ 218 മില്ലി മീറ്റർ മാത്രമാണ്. 11/10/2021 പകൽ 8 മുതൽ 12/10/2021 പകൽ 8 വരെയുള്ള സമയത്ത് 92.5 മില്ലിമീറ്റർ മഴയും 13/10/2021 ന് 15 മില്ലിമീറ്ററും 14/10/2021 ന് 32.5 മിമീ 15/10/2021 ന് 49 മിമീ 15/10/2021 പകൽ 8 മുതൽ 16/10/2021 പകൽ 8 വരെ 14.5 മില്ലിമീറ്റർ മഴയുമാണ് ലഭിച്ചത്. എന്നാൽ 16/10/2021 ന് പകൽ 8.30 മുതൽ 17/10/2021 പകൽ 8.30 വരെയുള്ള 24 മണിക്കൂറിൽ 305.5 മില്ലിമീറ്റർ മഴയാണ് പീരുമേട് സ്റ്റേഷനിൽ രേഖപ്പെടുത്തപ്പെട്ടത്. അതിൽ തന്നെ പകൽ 8.30 മുതൽ 11.30 വരെയുള്ള 3 മണിക്കൂറിൽ മാത്രം ലഭിച്ചത് 140 മില്ലിമറ്റർ മഴയാണ്. പകൽ മുഴുവനും, രാത്രിയിലും പീരുമേട് മേഖലയിൽ മഴ അതിശക്തമായി തന്നെ തുടർന്നത് കൊക്കയാറിലെ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമാക്കി.
പീരുമേട് സ്റ്റേഷനിൽ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2021 ജൂൺ 1 മുതൽ ഒക്ടോബർ 16 വരെ ലഭിച്ച ആകെ മഴ 3021 മില്ലിമീറ്ററാണ്.
സീസണിൽ പലപ്പോഴായി ലഭിച്ച മഴ മണ്ണിനെ Saturated ആക്കിയിരുന്നതും 16 ന് പകൽ അതിതീവ്രതയിൽ കുത്തിയൊലിച്ചു പെയ്ത മഴ ശക്തമായ മണ്ണിടിച്ചിലിലേക്കും ഉരുൾപൊട്ടലിലേക്കും നയിക്കുകയാണ് ഉണ്ടായത്.
ഒക്ടോബർ 15 ന് ഉച്ചക്ക് 1 മണിക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം ഒക്ടോബർ 16 ന് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മാത്രമാണ് ഓറഞ്ച് അലേർട്ട് ഉണ്ടായിരുന്നത്. കോട്ടയം ജില്ലക്ക് സാധാരണ മഴ മാത്രം ലഭിക്കുന്ന ഗ്രീൻ അലേർട്ട് അഥവാ അപകട സാധ്യത മുന്നറിയിപ്പ് ഇല്ലാത്ത അവസ്ഥയായിരുന്നു. അതുകൊണ്ട് മുൻകൂറായി ലഭ്യമായ 6 സംഘം ദേശീയ ദുരന്ത നിവാരണ സേനയെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിലേക്കും മുൻ വർഷങ്ങളിൽ കൂടുതൽ അപകടങ്ങൾ ഉണ്ടായ ജില്ലകളിലേക്കും വിന്യസിക്കുകയാണ് ചെയ്തത്. ഒക്ടോബർ 13 ന് ശേഷം കേരളത്തിൽ പൊതുവെ തന്നെ മഴ വളരെ കുറവായിരുന്നു.
ഒക്ടോബർ 16 ന് മഞ്ഞ അലേർട്ട് ഉണ്ടായിരുന്ന ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിലും പൊതുവെ അപകട സാധ്യത കൂടുതലുള്ള പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുമായി വിന്യസിച്ചിരുന്നു. സമീപ ജില്ലകളിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ അങ്ങോട്ട് എത്താൻ കൂടി സാധിക്കുന്ന രീതിയിലാണ് കേന്ദ്ര സേനകളെ സജ്ജമാക്കിയിരുന്നത്.
ഒക്ടോബർ 16 ന് പകൽ സമയത്ത് പൊടുന്നനെ അതിതീവ്രമായ മഴ കോട്ടയം ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ മലയോര മേഖലകളിൽ ഉണ്ടാവുകയും നിർഭാഗ്യകരമായ ചില ദുരന്തങ്ങൾ സംഭവിക്കുകയും ചെയ്തു. കൂട്ടിക്കലിലും കൊക്കായാറിലും ഉരുൾപൊട്ടിയ വിവരം ലഭിച്ച ഉടനെ തന്നെ പോലീസ്, അഗ്നിശമന രക്ഷാസേന, റെവന്യൂ, സിവിൽ ഡിഫെൻസ്, സന്നദ്ധ സേന അംഗങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരും ജനപ്രതിനിധികളും തുടങ്ങി പ്രദേശത്തെ സർക്കാർ സംവിധാനമാകെ നാട്ടുകാരായ ജനങ്ങളോടോപ്പം കൈകോർത്തു കൊണ്ടുള്ള രക്ഷാപ്രവർത്തനമാണ് നടന്നത്.
7 യൂണിറ്റ് അഗ്നിശമന സേന രക്ഷാപ്രവർത്തിനെത്തിയിരുന്നു. ജില്ലകളിൽ മുൻകൂട്ടി തയ്യാറാക്കി വെച്ചിരുന്ന കേന്ദ്ര സേനകളെയും കൂടുതലായി സംസ്ഥാന പോലീസ്, അഗ്നിശമന രക്ഷാ സേനകളെയും അങ്ങോട്ട് എത്തിക്കാനുള്ള ശ്രമങ്ങൾ ഉടനടി ആരംഭിച്ചിരുന്നെങ്കിലും ഫലപ്രാപ്തിയിൽ എത്താൻ സാധിച്ചില്ല. അതിശക്തമായ മലവെള്ളപ്പാച്ചിലും നദികളിലെ കുത്തിയൊലിച്ചൊഴുകിയ പെയ്ത്ത് വെള്ളവും പാലങ്ങളും റോഡുകളും പൂർണ്ണമായും ഒലിച്ചു പോകുന്ന സ്ഥിതിയാണുണ്ടാക്കിയത്. സേനകളുടെ വാഹനങ്ങൾക്ക് യാത്ര ചെയ്യാൻ പറ്റാത്ത രീതിയിൽ റോഡുകൾ മുങ്ങി പോവുകയും നദികൾ കുത്തിയൊലിച്ചൊഴുകുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. അതോടെ പൂർണ്ണമായി ഒറ്റപ്പെട്ട കൂട്ടിക്കൽ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന മനുഷ്യരെ രക്ഷിക്കാൻ ആകാശ മാർഗമുള്ള രക്ഷാപ്രവർത്തിനെ സാധിക്കൂ എന്ന ഘട്ടം വന്നു. ഉച്ചയോടെ തന്നെ വ്യോമസേനയുടെ 2 ഹെലികോപ്ടറും നേവിയുടെ ഒരു ഹെലികോപ്ടറും സജ്ജമായിരുന്നെങ്കിലും മോശം കാലാവസ്ഥ തുടരുന്നതിനാൽ അവർക്ക് രക്ഷാപ്രവർത്തനത്തിനെത്താൻ സാങ്കേതിക തടസ്സങ്ങളുണ്ടായി. പോലീസും അഗ്നിശമന സേനയും റവന്യു പഞ്ചായത്ത് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് അപകടത്തിൽ പെട്ടവരെ രക്ഷപ്പെടുത്താനും കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിലും നടത്തുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.
പുറത്ത് നിന്ന് കൂടുതൽ രക്ഷാസേനകൾക്ക് പൂർണ്ണമായും ഗതാഗത സൗകര്യങ്ങൾ അപകടത്തിലായിരുന്ന ഇവിടങ്ങളിലേക്ക് എത്താൻ മറ്റ് മാർഗങ്ങളുണ്ടായിരുന്നില്ല. എന്നാൽ കാലാവസ്ഥ ചെറുതായി മെച്ചപ്പെട്ട ഉടനെ തന്നെ കരസേനയുൾപ്പെടെയുള്ള മറ്റ് കേന്ദ്ര സേനകളെ അവിടെ എത്തിക്കാനും 24 മണിക്കൂറിനകം തന്നെ അപകടത്തിൽ പെട്ടവരിൽ ബഹുഭൂരിപക്ഷം ആളുകളുടെയും മൃതദേഹം കണ്ടെടുക്കാനും സാധിച്ചു. കൊക്കയാറിൽ ഉരുൾപൊട്ടൽ ഉണ്ടായെന്ന് വിവരം ലഭിച്ച ഉടനെ തന്നെ ഇടുക്കി ജില്ലയിൽ വിന്യസിച്ചിരുന്ന NDRF ടീമിനെ അവിടേക്ക് അയച്ചു. വഴി തടസ്സങ്ങൾ കാരണം ഈ ടീം വൈകിട്ടോടെയാണ് സംഭവ സ്ഥലത്ത് എത്താൻ കഴിഞ്ഞത്.
ഇടുക്കി ജില്ലയിൽ വീണ്ടും അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിനെ തുടർന്ന് ഒരു ടീമിനെ കൂടെ ഇടുക്കി ജില്ലയിൽ വിന്യസിച്ചു. സാധാരണ ഇത്തരം അപകടങ്ങൾ സംഭവിക്കുമ്പോൾ മണ്ണിനടിയിൽ പെട്ട് പോകുന്നവരുടെ മൃതദേഹങ്ങൾ കണ്ടെടുക്കാൻ കുറെയേറെ ദിവസങ്ങൾ എടുക്കാറുണ്ട് എന്നത് ഒരു വസ്തുതയാണ്. എന്നാൽ ഇവിടെ നാട്ടുകാരുടെയും സേനയുടെയും വിവിധ സന്നദ്ധ പ്രവർത്തകരുടെയും അക്ഷീണമായ പ്രവർത്തനമാണ് വളരെ പെട്ടെന്ന് അപകടത്തിൽ മരണമടഞ്ഞവരുടെ മൃതദേഹം കണ്ടെത്താൻ സഹായിച്ചത്.
മഴ ശക്തിപ്പെടാൻ തുടങ്ങിയ ഉടനെ തന്നെ സംസ്ഥാന സർക്കാർ കൂടുതൽ കേന്ദ്ര സേനയെ ആവശ്യപ്പെടുകയും അധികമായി കര-നാവിക-വ്യോമ സേനകളുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും അധിക സംഘങ്ങളെ രക്ഷാപ്രവർത്തനത്തിന് എത്തിക്കാൻ സാധിച്ചു.
ദേശിയ ദുരന്തനിവാരണ പ്ലാൻ പേജ് 104 പ്രകാരം ചുഴലിക്കാറ്റ് ആയി ബന്ധപ്പെട്ട പ്രവചങ്ങളും, നേരത്തെയുള്ള മുന്നറിയിപ്പുകളും ഭൗമശാസ്ത്ര മന്ത്രാലയത്തിൽ നിക്ഷിപ്തമാണ്. നിലവിൽ ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പാണ് മുന്നറിയിപ്പുകൾ നൽകി വരുന്നത്.
ദേശിയ ദുരന്തനിവാരണ പ്ലാൻ പേജ് 161, 162 പ്രകാരം മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ആയി ബന്ധപ്പെട്ട പ്രവചങ്ങളും, നേരത്തെയുള്ള മുന്നറിയിപ്പുകളും ഖനി മന്ത്രാലയത്തിലും (ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ), ഭൗമശാസ്ത്ര മന്ത്രാലയത്തിലും (കേന്ദ്ര കാലാവസ്ഥ വകുപ്പ്) നിക്ഷിപ്തമാണ്.
അറബിക്കടലിലെ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ രൂപീകരണ സാധ്യതയായിരുന്നു മുന്നറിയിപ്പുണ്ടായിരുന്നത്.
ചുഴലിക്കാറ്റ് പ്രവചനത്തിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുള്ള കാലാവസ്ഥ വകുപ്പിനെ അവഗണിച്ചു കൊണ്ട് ഒരു ന്യൂനമർദ പ്രവചനത്തിൽ സംസ്ഥാന സർക്കാരിന് മുന്നോട്ട് പോവാൻ സാധിക്കില്ല. അപ്പോഴും മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ കൂടി ദുരന്ത നിവാരണ അതോറിറ്റി സ്വീകരിക്കുകയും നടപടികൾ നിർദേശിക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാൽ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ മാത്രമേ ഔദ്യോഗിക മുന്നറിയിപ്പായി പരിഗണിക്കുകയും ഭരണപരമായ നടപടികൾക്ക് ആധാരമാക്കി സ്വീകരിക്കുകയും ചെയ്തിട്ടുള്ളൂ. ഒക്ടോബർ 16 ലെ പകലിൽ ചില മേഖലകളിൽ കേന്ദ്രീകരിച്ചുണ്ടായ അതിതീവ്ര മഴ മറ്റ് ഏതെങ്കിലും ഏജൻസികളോ മോഡലുകളോ ശരിയായ രീതിയിൽ കാലേക്കൂട്ടി പ്രവചിച്ചതായി ശ്രദ്ധയിൽ പെട്ടിട്ടില്ല.
അണക്കെട്ടുകളുടെ പരിപാലനവും ദുരന്ത നിവാരണ പ്രവർത്തനങ്ങളും
കാലാവർഷമുന്നൊരുക്കങ്ങളുടെ ഭാഗമായി, അണക്കെട്ടുകളുടെ പ്രവർത്തനങ്ങൾ നിരന്തരം നിരീക്ഷിക്കുവാനും സുസജ്ജമാകുവാനായി (G.O(Rt) No. 453/2021/DMD dated 03.06.2021) ഉത്തരവ് പ്രകാരം റൂൾ കർവ് കമ്മിറ്റി രൂപികരിച്ചു. ഒരു വർഷത്തിൽ, കാലാവസ്ഥയുടെ മാറ്റങ്ങൾക്കു അനുസരിച്ചു, അണക്കെട്ടിൽ സൂക്ഷിക്കാവുന്ന ജല സംഭരണത്തിന്റെ അളവിനെ രേഖപ്പെടുത്തുവാൻ ആണ് റൂൾ കർവ് രൂപീകരിചിരിക്കുന്നത്. 200 ദശലക്ഷം മീറ്റർ ക്യൂബിൽ കൂടുതൽ സംഭരണ ശേഷിയുള്ള ജലസംഭരണികൾക്കാണ് റൂൾ കർവ് നിയന്ത്രണങ്ങൾ പ്രധാനമായും പാലിക്കപ്പെടേണ്ടത്. കെ.എസ്.ഇ.ബി.എൽ ന്റെ ഇടുക്കി, ഇടമലയാർ, കക്കി, ബാണാസുര എന്നീ നാല് അണക്കെട്ടുകളും, ജലസേചനത്തിനായുള്ള കല്ലട, മലമ്പുഴ എന്നീ രണ്ട് അണകെട്ടുകളും ഇതിൽ ഉൾപ്പെടുന്നു.
200 ദശലക്ഷം മീറ്റർ ക്യൂബ് സംഭരണശേഷിക്കു താഴെ വരുന്ന അണകെട്ടുകൾക്കു അലെർട് ലെവലുകളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. നീല, ഓറഞ്ച്, ചുവപ്പ് എന്നിവയാണ് ആ അലെർട്ടുകൾ. ഇത്തരം അലെർട്ടുകൾ ഉപയോഗപ്പെടുത്തിയാണ് ചെറിയ സംഭരണ ശേഷിയുള്ള അണക്കെട്ടുകൾ പ്രവർത്തിപ്പിക്കുന്നത്.
റൂൾ കർവ് കമ്മിറ്റി പതിനേഴു യോഗങ്ങൾ നടത്തിയിട്ടുണ്ട്. കാലാവസ്ഥയുടെ തുടർച്ചയായ മാറ്റങ്ങൾക്കു അനുസരിച്ചു, കേരളത്തിലെ അണക്കെട്ടുകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുവാനും, പുറത്തേക്കു ഒഴുക്കി വിടുന്ന ജലത്തിന്റെ അളവ് സംബന്ധിച്ച തീരുമാനങ്ങൾ കൈകൊള്ളുവാനും, അത് വഴി പ്രളയസാധ്യതകളെ മറികടക്കുവാനും റൂൾ കർവ് കമ്മിറ്റിയുടെ കാര്യക്ഷമമായ മേല്‍നോട്ടത്തിലൂടെ സാധിച്ചിട്ടുണ്ട്. റൂൾ കർവ് കമ്മിറ്റിയിൽ ഉള്ള വിദഗ്ദ്ധരുടെ നിദേശങ്ങൾ സ്വീകരിച്ചതിലൂടെ, ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ അനുയോജ്യമായ തീരുമാനങ്ങൾ എടുക്കുവാനും അവ നടപ്പിലാകുവാനും സാധിച്ചു. ഡാമുകളുടെ പരിപാലനം എന്നത് ഏറ്റവും പ്രാധാന്യം അർഹിക്കുന്ന വിഷയം എന്ന നിലയിൽ, വിദഗ്ദ സമിതിയുടെ നിർദേശങ്ങളും തീരുമാനങ്ങളും എടുത്തുപറയേണ്ടത് തന്നെയാണ്.
ഉരുള്‍പ്പൊട്ടല്‍ മണ്ണിടിച്ചില്‍ എന്നിവക്ക് സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി അവിടങ്ങള്‍ വാസയോഗ്യമാണോ എന്ന് മനസ്സിലാക്കുന്നതിന് വേണ്ടി ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയും (GSI), സംസ്ഥാന ദുരന്ത നിവാര അതോരിറ്റിയും രൂപീകരിച്ച പ്രത്യേക സംഘങ്ങള്‍ വാസയോഗ്യമല്ലാത്ത പ്രദേശത്ത് നിന്ന് (Vulnarable Area) 1100 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഈ ശുപാര്ഷയുടെ അടിസ്ഥാനത്തിലും, കൂടാതെ ജില്ലാ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലും കടലോരങ്ങളിലും മത്സ്യ തൊഴിലാളികളെ മാറ്റി പാര്‍പ്പിക്കുന്ന പദ്ധതിയുടെ അടിസ്ഥാനത്തിലും 842 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുള്ളതും, ഇതിനായി 84 കോടി 20 ലക്ഷം രൂപ ചിലവഴിച്ചിട്ടുള്ളതുമാണ്. ബാക്കിയുള്ളവരെ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നു വരികയാണ്.
മഴ ശക്തിപ്പെടുന്ന സാഹചര്യം മനസ്സിലാക്കി നേരത്തെ തന്നെ സംസ്ഥാനം വ്യോമസേനയുടെയും നാവിക സേനയുടെയും കരസേനയുടെയും ഉൾപ്പെടെ സഹായം തേടിയിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ അധിക സംഘങ്ങളെയും സമയോചിതമായി ആവശ്യപ്പെട്ടു. സാധാരണ ലഭ്യമായ സേനകളെ ഉയർന്ന അലെർട്ടുകൾ ഉള്ള ജില്ലകളിലും ഇടുക്കി, വയനാട് തുടങ്ങിയ ഏറ്റവും ദുരന്ത സാധ്യതയുള്ള ജില്ലകളിലുമാണ്.
കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ഏറ്റവും ഉയർന്ന മുന്നറിയിപ്പ് അതിതീവ്ര മഴ മഴക്കുള്ള സാധ്യതയും ചുവപ്പ് അലെർട്ടുമാണ്. അതിശക്തമായ മഴക്കുള്ള സാധ്യതയുള്ള ഓറഞ്ച് അലേർട്ടും വളരെ ഗൗരവമുള്ള അലേർട്ട് ആയിട്ടാണ് സംസ്ഥാനം പരിഗണിക്കുന്നത്. ഓറഞ്ച്-റെഡ് അലേർട്ടുകൾ പ്രഖ്യാപിക്കപ്പെടുന്ന ജില്ലകളിലാണ് കേന്ദ്ര സേനകളെ മുൻകൂറായി സജ്ജമാക്കി വെക്കുകയും ആളുകളെ ക്യാമ്പുകളിലേക്ക് മുൻകൂറായി മാറ്റുകയും ചെയ്യുക.
ഓറഞ്ച് അലേർട്ട് ഉള്ള ജില്ലകളിൽ ക്യാമ്പുകൾ സജ്ജമാക്കി വെക്കാനും സജ്ജമാക്കി വെച്ചിരിക്കുന്ന ക്യാമ്പുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ ഏറ്റവും അപകട സാധ്യതയുള്ള ജനങ്ങളെ അറിയിക്കാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി റെവന്യൂ, തദ്ദേശ സ്ഥാപന വകുപ്പുകൾക്കും ജില്ലാ ഭരണകൂടങ്ങൾക്കും കൃത്യമായി എല്ലാ ദിവസത്തെയും മുന്നറിയിപ്പിനോടോപ്പം നല്കിയിട്ടുള്ളതാണ്. എന്നാൽ ആളുകളെ നിർബന്ധപൂർവം ഒഴിപ്പിക്കേണ്ടത് ചുവപ്പ് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിലാണ്. ഒക്ടോബർ 16 ന് പകൽ 10 മണി വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിലെവിടെയും ചുവപ്പ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നില്ല.
സേനാവിന്യാസം
വിവിധ ജില്ലകളിലായി 12 ദേശിയ ദുരന്തനിവാരണ, 2 ആർമി ടീമുകളും, 3 DSC ടീമുകളും, എയർ ഫോഴ്സിന്റെ രണ്ടു ചോപ്പറുകളും,നേവിയുടെ ഒരു ചോപ്പറും,ഒരു ടീം എഞ്ചിനീയറിംഗ് ടാസ്ക് ഫോഴ്സ് എന്നിവർ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.നിലവിൽ എല്ലാ ജില്ലകളിലും സംസ്ഥാന സേനകളെ കൂടാതെ ആവശ്യാനുസരണം ദേശിയ സേനകളെയും വിന്യസിച്ചിട്ടുണ്ട്.സന്നദ്ധസേനാ പ്രവർത്തകർ ,ഇൻറ്റർ ഏജൻസി ഗ്രൂപ്പ്,സിവിൽ ഡിഫെൻസ് എന്നിവരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായിട്ടുണ്ട്.
നഷ്ടപരിഹാരം
സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ദുരന്തത്തില്‍ മരണപ്പെട്ടവരുടെ അവകാശികള്‍ക്കും, പരിക്കുകള്‍ സംഭവിച്ചവര്‍ക്കും, വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും, കൃഷിനാശം സംഭവിച്ചവര്‍ക്കും, കന്നുകാലികളെ നഷ്ടപ്പെട്ടവര്‍ക്കും, ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്കും മാനധണ്ഡപ്രകാരമുള്ള നഷ്ടപരിഹാര തുക അടിയന്തരമായി നല്‍കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ച് കഴിഞ്ഞു. ഇതിലുപരിയായി കൂടുതല്‍ നഷ്ടപരിഹാരം നല്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്.