ആലപ്പുഴ : ആശങ്കയുടെ നടുക്കടലിൽ നങ്കൂരമിട്ടിരുന്ന നാവികസേനയുടെ പടക്കപ്പൽ പ്രതിസന്ധികൾ അതിജീവിച്ച് ആലപ്പുഴ തീരത്തെത്തി. നാവിക സേനയുടെ ഡീകമ്മീഷന്‍ ചെയ്ത പടക്കപ്പല്‍ തർക്കങ്ങളുടെ ഓളങ്ങളിൽ തട്ടികിടന്നിരുന്ന തടസങ്ങൾ ഏറെ താണ്ടിയാണ് ആലപ്പുഴ കടപ്പുറത്തെത്തിയത്. ദേശീയപാതാ വിഭാഗം ആലപ്പുഴ ബൈപ്പാസിലേയ്ക്കുള്ള പ്രവേശനം നിഷേധിച്ചതിനെത്തുടര്‍ന്ന് താഴെക്കൂടി റെയില്‍പ്പാത മുറിച്ച് കടന്നാണ് കപ്പല്‍ ബീച്ചിലെത്തിയത്. പ്രത്യേകം സജ്ജമാക്കിയ പ്ലാറ്റ്ഫോമില്‍ കപ്പല്‍ സ്ഥാപിച്ചു. ഒരു മാസത്തിലേറെക്കാലത്തെ സമാനതകളില്ലാത്ത പരിശ്രമത്തിനാണ് പരിസമാപ്തിയായത്.
ഈ വർഷം ജനുവരിയിൽ നാവികസേനയിൽ നിന്ന് ഡീക്കമ്മീഷൻ ചെയ്ത അതോറിറ്റിഫാസ്റ്റ് അറ്റാക്ക് ഇൻ ഫാക്റ്റ് – 81 എന്ന യുദ്ധക്കപ്പൽ കഴിഞ്ഞ മാസം 22നാണ് കൊച്ചിയിലെ നാവികസേനാ ആസ്ഥനത്ത് നിന്ന് വേമ്പനാട് കായലിലൂടെ തണ്ണീർമുക്കത്ത് എത്തിച്ചത്. ശേഷം തണ്ണീര്‍മുക്കത്ത് നിന്ന് കരകയറിയ പടക്കപ്പല്‍ 23 ന് റോഡ് മാര്‍ഗ്ഗം ആലപ്പുഴയിലേയ്ക്ക് യാത്ര ആരംഭിച്ചത്. നിരവധിയായ പ്രതിസന്ധികള്‍ അതിജീവിച്ച് പടക്കപ്പല്‍ ചേര്‍ത്തല നഗരം വഴി ദേശീയപാതയിലൂടെ ആലപ്പുഴ ബൈപ്പാസിന്റെ പ്രവേശന കവാടത്തിലെത്തി. തുടര്‍ന്ന് തര്‍ക്കങ്ങളുടെ തിരമാലകളില്ല് പടക്കപ്പല്‍ ആടിയുലഞ്ഞു.
ബൈപ്പാസിലൂടെ ബീച്ചിന്റെ മുകള്ഭാഗത്തെത്തിച്ച് ക്രെയ്ന് ഉപയോഗിച്ച് താഴെ എത്തിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. ഇതിനുള്ള സാങ്കേതിക തടസ്സങ്ങളാണ് യാത്രയ്ക്ക് പ്രതിസന്ധിയായത്. ബൈപ്പാസിലൂടെ കൊണ്ട് പോകുന്നതിന് ദേശീയപാത അതോറിട്ടിയുടെയുടെ സാങ്കേതിക അനുമതി ലഭിച്ചില്ല. കപ്പലിന്റെ ഭാരമാണ് തടസ്സമായത്. തുടര്‍ന്ന് കപ്പലിന്റെ വിവിധ ഭാഗങ്ങള്‍ അഴിച്ച് മാറ്റിയെങ്കിലും അനുമതി ലഭിച്ചില്ല. തുടര്‍ന്ന് മൂന്നാഴ്ചക്കാലം കപ്പല്‍ അനാഥമായി ബൈപ്പാസിന്റെ പ്രവേശന കവാടത്തില്‍ വിശ്രമിച്ചു. തുടര്‍ന്ന് പാലത്തിന് താഴെക്കൂടി റെയില്‍വേ ലെവല്‍ ക്രോസ് വഴി കൊണ്ട് പോകാന്‍ നടത്തിയ ശ്രമമാണ് വിജയത്തിലെത്തിയത്. ഇതിനായി 8 ലക്ഷത്തോളം രൂപ റെയില്‍വേയ്ക്ക് നല്‍കേണ്ടി വന്നു. വെള്ളിയാഴ്ച രാത്രി 11.30 ഓടെ ലെവല്‍ ക്രോസ് കടന്നു. 12 മണിയോടെ പടക്കപ്പല്‍ ബീച്ചിലെത്തിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പ്രത്യേകം സജ്ജമാക്കിയ പ്ലാറ്റ്ഫോമില്‍ കപ്പല്‍ ഉറപ്പിച്ചു.
കപ്പലിന്റെ വരവോടെ ആലപ്പുഴയിലെ വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ ഉണർവ് ലഭിക്കുമെന്നും ഹൗസ്ബോട്ട് മേഖലയിലെത്തുന്ന വിനോദസഞ്ചാരികളിൽ നല്ലൊരു ശതമാനവും ബീച്ചിലേക്ക് കൂടി എത്തുന്നുണ്ടെന്നും ബാക്കിയുള്ള സഞ്ചാരികളെ കൂടി ആകർഷിക്കാൻ കഴിയുന്ന തരത്തിലുള്ള സൗകര്യങ്ങളും വിനോദങ്ങളും കപ്പൽ സ്ഥാപിച്ചതിന് അനുബന്ധമായി ആലപ്പുഴ ബീച്ചിൽ ഒരുക്കുമെന്നും പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു.