തൃശ്ശൂർ : സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. ചെൽഡ് വെൽഫെയർ കമ്മിറ്റി പിരിച്ചുവിടണമെന്ന് സതീശൻ ആവശ്യപ്പെട്ടു. അനുപമയുടെ കുട്ടിയെ കൈമാറിയതിൽ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ട്.
പാർട്ടി നിയമം കൈയ്യിലെടുക്കുകയാണ്. അതിന്റെ ദുരന്തമാണ് സെക്രട്ടറിയേറ്റിനു മുൻപിൽ സ്വന്തം കുഞ്ഞെവിടെയെന്ന് ചോദിച്ച പാർട്ടി നേതാവിന്റെ മകൾക്ക് സമരം നടത്തേണ്ടി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോട്ടയത്ത് എസ്എഫ്ഐക്കാർ പെൺകുട്ടിയെ അധിക്ഷേപിച്ചു എന്നിട്ട് അവർക്കെതിരെ തന്നെ കള്ളക്കേസും ചുമത്തി. പാർട്ടിക്കാർ ചെയ്യുന്ന എല്ലാ തെറ്റുകൾക്കും കുടപിടിച്ചു കൊടുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും സതീശൻ ആരോപിച്ചു.
ഡി.വൈ.എഫ്.ഐ നേതാവായ അജിത്തുമായുള്ള പ്രണയത്തെ തുടർന്ന് കഴിഞ്ഞവർഷം ഒക്ടോബർ 19നാണ് അനുപമ ആൺകുഞ്ഞിന് ജന്മം നൽകിയത്. അജിത് വേറെ വിവാഹിതനായിരുന്നതിനാൽ അന്നു മുതൽ കുട്ടിയെ ഒഴിവാക്കുന്നതിന് അനുപമയുടെ മാതാപിതാക്കൾ സി.പി.എം സംസ്ഥാന, ജില്ല നേതാക്കളുമായും സർക്കാർ പ്ലീഡർമാരുമായും കൂടിയാലോചന നടത്തിയെന്ന ആക്ഷേപവും ശക്തമാണ്. ഇവരുടെയെല്ലാം നിർദേശപ്രകാരമാണ് ശിശുക്ഷേമ സമിതിയിൽ കുട്ടിയെ ഏൽപിച്ചതെന്നാണ് ആരോപണം.തന്റെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം ആരംഭിച്ചിരുന്നു.