തിരുവനന്തപുരം: കണ്ണമൂലയില്‍ തോട്ടില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ അതിഥിത്തൊഴിലാളി ജാര്‍ഖണ്ഡ് സ്വദേശി നഗര്‍ദീപ് മണ്ഡലിനെ കണ്ടെത്തുന്നതിനായി നീന്തല്‍ വിദഗ്ദ്ധരടങ്ങിയ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. അതിഥിത്തൊഴിലാളിയായ നഗര്‍ദീപ് മണ്ഡല് ഒഴുക്കില്‍പ്പെട്ട സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ശനിയാഴ്ച ഉച്ചയ്ക്ക് 1.50 ന് കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് നഗര്‍ദീപ് മണ്ഡല് അപകടത്തില്‍പ്പെട്ടത്. വിവരം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതാണ്. എന്നാല്‍ ശക്തമായ ഒഴുക്കുള്ളത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. കാണാതായ തൊഴിലാളിയെ കണ്ടെത്തുക എന്നുള്ളതാണ് അടിയന്തിരമായി ചെയ്യാനുള്ളത്. കാണാതായ അതിഥിത്തൊഴിലാളിയുടെ ബന്ധുക്കള്‍ക്ക് നിയമപരമായി ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
നഗര്‍ദീപിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ആശ്വസിപ്പിച്ച മന്ത്രി മുഖ്യമന്ത്രിയുമായി ആലോചിച്ച് വേണ്ടത് ചെയ്യുമെന്ന ഉറപ്പും നല്കി. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഫയര്‍ഫോഴ്സ്, പോലീസ് ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു. വി കെ പ്രശാന്ത് എം എല്‍ എയും മന്ത്രിയ്ക്കൊപ്പം ഉണ്ടായിരുന്നു.
മന്ത്രി ജി ആര് അനില്‍, മേയര്‍ ആര്യ രാജേന്ദ്രന്, ഡെപ്യൂട്ടി മേയര്‍ പി കെ രാജു എന്നിവരും നേരത്തെ അപകടസ്ഥലം സന്ദര്‍ശിച്ചിരുന്നു.