മനാമ: ബഹ്റൈൻ ഇൻറർനാഷണൽ ഗാർഡൻ ഷോ രണ്ടു വർഷത്തെ ഇടവേളക്കുശേഷം പുനഃരാരംഭിക്കുന്നു. ബഹ്റൈനിലെ ഏറെ ജനപ്രിയമായ പ്രദർശനങ്ങളിൽ ഒന്നായ ഗാർഡൻ ഷോയുടെ 16ാമത് പതിപ്പിന്റെ ഉദ്ഘാടനം അടുത്ത വർഷം മാർച്ച് ഒന്നിന് നടക്കും. ബഹ്റൈൻ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ മാർച്ച് 2 മുതൽ 5 വരെ പ്രദർശനം പൊതുജനങ്ങൾക്കായി തുറന്നിരിക്കും. നാഷണൽ ഇനീഷ്യേറ്റിവ് ഫോർ അഗ്രികൾചറൽ ഡെവലപ്മെൻറ് (എൻ.ഐ.എ.ഡി) ആണ് ഗാർഡൻ ഷോ സംഘടിപ്പിക്കുന്നത്.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലും രാജപത്നിയും കാർഷിക വികസനത്തിനായുള്ള ദേശീയ സംരംഭത്തിന്റെ കൺസൾട്ടേറ്റീവ് കൗൺസിലിന്റെ പ്രസിഡന്റുമായ സബീക്ക ബിന്റ് ഇബ്രാഹിം അൽ ഖലീഫയുടെയും പിന്തുണയോടെയുമാണ് ബഹ്റൈൻ ഇന്റർനാഷണൽ ഗാർഡൻ ഷോ നടക്കുന്നത്. കോവിഡ്-19 കാരണം കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഷോ നടത്താൻ കഴിഞ്ഞിരുന്നില്ല. 2019ലാണ് അവസാന പ്രദർശനം നടന്നത്. അടുത്ത മാർച്ചിൽ പ്രദർശനം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു.
‘വെള്ളം: പുനരുജ്ജീവിപ്പിക്കുന്ന ജീവൻ’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന പ്രദർശനം വെള്ളത്തിന്റെ പ്രാധാന്യവും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും വിളിച്ചോതുന്നതാണ്. ജലവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. ബഹ്റൈനിലെയും വിദേശങ്ങളിലെയും നിരവധി പേർ പ്രദർശനത്തിൽ പങ്കെടുക്കുമെന്ന് എൻ.ഐ.എ.ഡി സെക്രട്ടറി ജനറൽ ശൈഖ മാറം ബിൻത് ഈസ ആൽ ഖലീഫ പറഞ്ഞു.
രാജ്യത്തെ കാർഷിക മേഖലയുടെ വികസനത്തിനും സുസ്ഥിരതയ്ക്കും കാരണമാകുന്ന വിവിധ കാർഷിക സാങ്കേതിക വിദ്യകളിലേക്ക് ബഹ്റൈൻ ഇൻറർനാഷണൽ ഗാർഡൻ ഷോ ഒരിക്കൽ കൂടി വെളിച്ചം വീശും, കൂടാതെ ഈ സുപ്രധാന പരിപാടിയിൽ പങ്കെടുക്കുന്ന പ്രധാന പ്രാദേശിക, വിദേശ കമ്പനികൾ അവതരിപ്പിക്കുന്ന കാർഷിക ഉൽപന്നങ്ങൾ, പരിഹാരങ്ങൾ, പുതുമകൾ എന്നിവ പ്രദർശിപ്പിക്കും.
തദ്ദേശീയ, വിദേശ പ്രദർശകർ പൂക്കൾ, തൈകൾ, കാർഷിക ഉപകരണങ്ങൾ, കലങ്ങൾ, പൂന്തോട്ട ഫർണിച്ചറുകൾ, ലൈറ്റിംഗ് ഉപകരണങ്ങൾ, എല്ലാ കാർഷിക ഉൽപന്നങ്ങൾ തുടങ്ങി വിവിധ ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിനായും അവരുടെ ഡിസൈനുകൾ, ഉത്പന്നങ്ങൾ, സാങ്കേതികവിദ്യകൾ, പുതുമകൾ എന്നിവ അവതരിപ്പിക്കാനും സാധിക്കും. പ്രദർശനത്തിൽ ഔദ്യോഗിക വിദ്യാഭ്യാസ സ്ഥാപനങ്ങളും സിവിൽ സൊസൈറ്റി സ്ഥാപനങ്ങളും കാർഷിക പരിസ്ഥിതി വിഷയങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും അവരുടെ പരിപാടികളും സേവനങ്ങളും പ്രദർശിപ്പിക്കുകയും ചെയ്യും.
ജല ഉപഭോഗം, ജല-പരിസ്ഥിതി ബന്ധം, ഭക്ഷണം, ഊർജ്ജം, വെള്ളം, കാലാവസ്ഥാ വ്യതിയാനം, ജലത്തിന്റെ ഗുണനിലവാരം, ഡ്രെയിനേജ്, ജല സുസ്ഥിരത എന്നിവ ഉൾപ്പെടെ നിരവധി ജല സംബന്ധമായ വിഷയങ്ങൾ ഗാർഡൻ ഷോയിൽ അവതരിപ്പിക്കും. ശുദ്ധീകരിച്ച ജലത്തിന്റെ സുരക്ഷിതമായ ഉപയോഗം, വീടുകളിലും കൃഷിയിലും വ്യവസായത്തിലും ശരിയായ ജലസംരക്ഷണ രീതികൾ, സാമ്പത്തിക നേട്ടങ്ങൾക്കായി ജല സേവനങ്ങളിൽ നിക്ഷേപം നടത്താൻ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കൽ എന്നിവയും പ്രധാന പരിപാടിയിൽ അവതരിപ്പിക്കും.