തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ശനിയാഴ്ച നടക്കും. വൈകീട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം. ഇത്തവണ 30 സിനിമകളാണ് അവാർഡിനായി അന്തിമ പട്ടികയിലുള്ളത്. മികച്ച നടൻ, നടി വിഭാഗങ്ങളില്‍ ശക്തമായ മത്സരം തന്നെയാണ് നടക്കുന്നത്. സുഹാസിനി മണിരത്നമാണ് അന്തിമ ജൂറി അദ്ധ്യക്ഷ.
ബിജു മേനോൻ, ഫഹദ് ഫാസിൽ, ജയസൂര്യ, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനോ തോമസ് തുടങ്ങിയവർ മികച്ച നടനുള്ള സംസ്ഥാന അവാർഡിനു മത്സരിക്കാൻ രംഗത്തുണ്ട്. നടിക്കുള്ള അവാർഡ് കരസ്ഥമാക്കാൻ ശോഭന, അന്ന ബെൻ, നിമിഷ സജയൻ, പാർവതി തിരുവോത്ത്, സംയുക്ത മേനോൻ തുടങ്ങിയവരും ഉണ്ട്.
വെള്ളം, കപ്പേള, ഒരിലത്തണലിൽ, സൂഫിയും സുജാതയും, ആണും പെണ്ണും,കയറ്റം, അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയവയും മികച്ച സിനിമകളുടെ പട്ടികയിലുണ്ട്. അടുത്തിടെ അന്തരിച്ച നടൻ നെടുമുടി വേണു, അനില്‍ നെടുമങ്ങാട്, സംവിധായകൻ സച്ചി എന്നിവര്‍ക്കും പുരസ്കാര സാധ്യതയുണ്ട്.
സംവിധായകൻ ഭദ്രനും കന്നഡ സംവിധായകൻ പി.ശേഷാദ്രിയുമാണ് പ്രാഥമിക ജൂറിഅധ്യക്ഷന്മാർ. ദേശീയ മാതൃകയിൽ രണ്ട് തരം ജൂറികൾ സംസ്ഥാന അവാർഡിൽ സിനിമ വിലയിരുത്തുന്നത് ഇതാദ്യമായാണ്. രണ്ടു പ്രാഥമിക ജൂറികൾ സിനിമകൾ കണ്ടു വിലയിരുത്തും. അവർ രണ്ടാം റൗണ്ടിലേക്കു നിർദേശിക്കുന്ന ചിത്രങ്ങളിൽ നിന്നായിരിക്കും അന്തിമ ജൂറി അവാർഡ് നിശ്ചയിക്കുക. പ്രാഥമിക ജൂറിയുടെ അധ്യക്ഷന്മാർ അന്തിമ ജൂറിയിലും ഉണ്ടാകും.