മനാമ: പുതിയ സീസണിലെ മത്സരങ്ങൾക്ക് സഖീറിലെ ബഹ്റൈൻ ഇൻറർനാഷനൽ സർക്യൂട്ട് (ബി.ഐ.സി) സജ്ജമായി. ബി.ഐ.സിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ബി.ഐ.സി ചീഫ് എക്സിക്യുട്ടിവ് ശൈഖ് സൽമാൻ ബിൻ ഈസ അൽ ഖലീഫ പുതിയ സീസണിലെ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. ഏറ്റവും വലുതും തിരക്കുപിടിച്ചതുമായ സീസണിനാണ് ഒരുങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബഹ്റൈൻ ഡിസംബറിൽ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസ്പോർട്ട് ഇവന്റിന് ആതിഥേയത്വം വഹിക്കും. കൂടാതെ വരുന്ന സീസണിൽ ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ (ബിഐസി) നിരവധി അന്താരാഷ്ട്ര, പ്രാദേശിക ചാമ്പ്യൻഷിപ്പുകൾക്ക് ആതിഥേയത്വം വഹിക്കും.
എഫ്.ഐ.എ വേൾഡ് എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിന്റെ ഇരട്ട മത്സരമാണ് സർക്യൂട്ടിൽ എത്തുന്ന പ്രമുഖ മത്സരങ്ങളിൽ ഒന്ന്. 2021 സീസണിലെ അവസാന രണ്ടു റൗണ്ടുകളാണ് ബഹ്റൈനിൽ നടക്കുന്നത്. ഒക്ടോബർ 29, 30 തീയതികളിലും തുടർന്ന് നവംബർ അഞ്ച്, ആറ് തീയതികളിലുമാണ് ഈ മത്സരങ്ങൾ നടക്കുക. 32 കാറുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. മുതിർന്നവർക്ക് അഞ്ച് ദിനാറും മൂന്ന് മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക് 2.5 ദിനാറുമാണ് മത്സരം വീക്ഷിക്കുന്നതിനുള്ള ടിക്കറ്റ് നിരക്ക്. അടുത്ത വർഷം ജനുവരി 29ന് നടക്കുന്ന പ്രോആം 1000 മത്സരമാണ് മറ്റൊരു പ്രധാന ഇനം. 1000 കിലോമീറ്റർ ജി.ടി എൻഡ്യൂറൻസ് മത്സരത്തിൽ പ്രോആം കാറുകളാണ് പങ്കെടുക്കുക. യൂറോപ്പിൽ നിന്ന് ഉൾപ്പെടെ നിരവധി ടീമുകൾ മത്സരത്തിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയതായി ശൈഖ് സൽമാൻ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ കാർട്ടിങ് മത്സരങ്ങളിൽ ഒന്നായ റോട്ടക്സ് മാക്സ് ചാലഞ്ച് ഗ്രാൻഡ് ഫൈനൽസിനും ഈ വർഷം അവസാനം ബഹ്റൈൻ വേദിയാകും. ഡിസംബർ 11 മുതൽ 18 വരെ നടക്കുന്ന മത്സരത്തിൽ 380 മത്സരാർഥികൾ പങ്കെടുക്കും. 2500 ഓളം ടീം അംഗങ്ങളും അതിഥികളും പങ്കെടുക്കും. ഇലക്ട്രിക് കാർട്ടുകൾ ആദ്യമായി പങ്കെടുക്കുന്നു എന്ന സവിശേഷതയും ഈ മത്സരത്തിനുണ്ട്.