കണ്ണൂര്‍: ലഹരി മരുന്ന് ലഭിക്കാത്തതിനെത്തുടര്‍ന്ന് തടവുപുള്ളികള്‍(prisoners) അക്രമാസ്കതരായി. കണ്ണൂര്‍ ജില്ലാ ജയിലിലാണ് സംഭവം. ലഹരി കേസില്‍ റിമാന്‍ഡിലായി ജയിലെത്തിയ പ്രതികളാണ് അക്രമാസ്കതരായത്. ലഹരി കേസിലെ പ്രതികളായ മുഹമ്മദ് ഇർഫാൻ, മുഹമ്മദ് അഷ്കറലി എന്നിവരാണ് സെല്ലിനുള്ളില്‍ തല ചുമരിലിടിച്ച് ബഹളം വച്ചത്. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആംബുലന്‍സിന്റെ ചില്ലും അടിച്ചു തകര്‍ത്തു.
ആംബുലന്‍സിന്റെ സൈഡ് ഗ്ലാസ് കൈ കൊണ്ട് അടിച്ച് തകര്‍ക്കുകയായിരുന്നു. കഴിഞ്ഞ മാസം 30 ആം തീയതിയാണ് സംഭവം നടന്നത്. വിവരം ഇന്നാണ് പുറത്തറിയുന്നത്. മുഹമ്മദ് ഇർഫാൻ, മുഹമ്മദ് അഷ്കറലി എന്നിവര്‍ക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്തിട്ടുണ്ട്.
ആശുപത്രിയില്‍ എത്തിച്ച ഇരുവരെയും പിന്നീട് കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. കണ്ണൂർ സബ് ജയിലിൽ കഴിഞ്ഞ ദിവസം ഒരു പ്രതി കൈയ്യിലെ ഞരമ്പ് മുറിക്കാൻ ശ്രമിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിഡ്രോവൽ സിന്‍ഡ്രോം കാരണമെന്ന് തടവുപുള്ളി കൈ മുറിക്കാന്‍ ശ്രമിച്ചതെന്ന് ജയിൽ അധികൃതർ അറിയിച്ചു. ജയിലുകളില്‍ ലഹരിമരുന്ന് എത്തുന്നത് തടയാന്‍ വകുപ്പ് പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതോടെയാണ് തടവുകാരില്‍ പലരും വിഡ്രോവല്‍ സിന്‍ഡ്രോം പ്രകടിപ്പിച്ചുതുടങ്ങിയത്.