മനാമ: മനാമ സംരംഭകത്വ വാരം (Manama Entrepreneurship Week) ഒക്ടോബർ 20 ന് ആരംഭിക്കുമെന്ന് ക്യാപിറ്റൽ ഗവർണർ ശൈഖ് ഹെഷാം ബിൻ അബ്ദുൽ റഹ്മാൻ അൽ ഖലീഫ പ്രഖ്യാപിച്ചു. ഒക്ടോബർ 20 മുതൽ 26 വരെയാണ് മനാമ സംരംഭകത്വ വാരം നടക്കുന്നത്. തുടർച്ചയായ ഏഴാം വർഷമാണ് പരിപാടി സംഘടിപ്പിക്കുന്നത്. “സംരംഭകത്വം: പകർച്ചവ്യാധിക്ക് ശേഷമുള്ള കാലഘട്ടത്തിൽ കൂടുതൽ സുസ്ഥിര സമ്പദ്വ്യവസ്ഥ പുനർനിർമ്മിക്കുക” എന്ന വിഷയത്തിലാണ് പരിപാടി നടക്കുന്നത്.
യുവാക്കളുടെയും സംരംഭകരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിന് ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ സുസ്ഥിരത ഉറപ്പുവരുത്താനുള്ള ക്യാപിറ്റൽ ഗവർണറേറ്റിന്റെ പരിശ്രമത്തിന്റെ ഭാഗമായാണ് തുടർച്ചയായി ഏഴാം വർഷവും പരിപാടി സംഘടിപ്പിക്കുന്നതെന്ന് ക്യാപിറ്റൽ ഗവർണർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംരംഭകത്വ മേഖലയിൽ ഉണർന്നു പ്രവർത്തിക്കുന്നത് സർഗ്ഗാത്മകതയ്ക്കും യുവാക്കൾക്ക് വിശാലമായ സാധ്യതകൾ സൃഷ്ടിക്കുന്നതിനും കാരണമാകുന്നുവെന്ന് ക്യാപിറ്റൽ ഗവർണർ അഭിപ്രായപ്പെട്ടു.
പത്രസമ്മേളനത്തോടനുബന്ധിച്ച് ക്യാപിറ്റൽ ഗവർണറേറ്റ് പങ്കാളികളെ ആദരിക്കുകയും ചെയ്തു. പ്രാദേശിക, അന്തർദേശീയ തലത്തിലുള്ള ബിസിനസ്സ് സമൂഹത്തിന് ബഹ്റൈൻ വലിയ പ്രാധാന്യമാണ് നൽകുന്നത്. യുവ സംരംഭകർക്ക് അവരുടെ പ്രോജക്ടുകൾ ആരംഭിക്കുന്നതിനും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനുമുള്ള പ്രചോദനം നൽകുന്നതിന് മനാമ സംരംഭകത്വ വാരം അനുയോജ്യമായ പ്ലാറ്റ്ഫോം ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.