മനാമ: ഇന്ത്യൻ സ്കൂളിൽ പതിനെട്ടാമത് വാർഷിക ശാസ്ത്ര സാങ്കേതിക ദിനം (ടെക്നോഫെസ്റ്റ്) ആഘോഷിച്ചു. സാങ്കേതികവിദ്യ വളരുന്നതും എപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു കാലഘട്ടത്തിൽ വിദ്യാർത്ഥികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനാണ് ടെക്നോഫെസ്റ്റ് വർഷം തോറും നടത്തുന്നത്. സ്കൂളിലെ സയൻസ് ഫാക്കൽറ്റി സംഘടിപ്പിച്ച പരിപാടി മൈക്രോസോഫ്റ്റ് ടീം വഴിയാണ് നടന്നത്.ടെക്നോ ഫെസ്റ്റിന്റെ ആദ്യ സെഷൻ 6 മുതൽ 8 വരെയുള്ള ക്ലാസുകളിലായിരുന്നു. അതിൽ വിദ്യാർത്ഥികൾ അവരുടെ പ്രോജക്ടുകളും പരീക്ഷണങ്ങളും അവതരിപ്പിച്ചു; രണ്ടാമത്തെ സെഷൻ 11, 12 ക്ലാസുകളിലായിരുന്നു. “വളർച്ച ഐഛികമാണ്, മാറ്റം അനിവാര്യവും ” എന്ന വിഷയത്തിൽ ഇന്റർ സ്കൂൾ സിമ്പോസിയം നടന്നു. അവസാന സെഷൻ 9, 10 ക്ലാസുകളിലായിരുന്നു. അതിൽ വിദ്യാർത്ഥികൾ അവരുടെ പ്രവർത്തന മാതൃകകൾ അവതരിപ്പിച്ചു.
ജ്യോത്സ്ന കെ പ്രശാന്ത്, ജൊവാന ജെസ് ബിനു, ജനനി മുത്തുരാമൻ എന്നിവരായിരുന്നു പരിപാടിയുടെ അവതാരകർ. സ്വാഗത പ്രസംഗം പൃഥ ശർമ്മ നിർവഹിച്ചു. ഫിസിക്സ് വിഭാഗം മേധാവി സുദീപ്തോ സെൻഗുപ്ത നന്ദി പറഞ്ഞു. ഇന്റർ സ്കൂൾ സിമ്പോസിയത്തിന്റെ ഫലങ്ങൾ കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി പയസ് മാത്യു പ്രഖ്യാപിച്ചു. ഇന്ത്യൻ സ്കൂൾ ചരിത്രത്തിൽ ഒരു വെർച്വൽ പ്ലാറ്റ്ഫോമിലൂടെ നടത്തിയ ആദ്യത്തെ ടെക്നോഫെസ്റ്റ് കോൺഫറൻസാണിത്. ബഹ്റൈനിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിധികർത്താക്കളും അദ്ധ്യാപകരും ഉൾപ്പെടെ 75 ലധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. ടെക്നോഫെസ്റ്റിലെ വിവിധ പരിപാടികളിൽ 6 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു.
ഇന്റർ സ്കൂൾ സിമ്പോസിയം വിജയികൾ: 1. സാറാ മരിയൻ ജോസഫ് (ഏഷ്യൻ സ്കൂൾ), 2. ആര്യൻ കൗൾ (ന്യൂ മില്ലേനിയം സ്കൂൾ), 3. ലാസ്യശ്രീ കുമിളി (ഇന്ത്യൻ സ്കൂൾ).വകുപ്പ് മേധാവികളായ സുദീപ്തോ സെൻഗുപ്ത -ഫിസിക്സ്, പയസ് മാത്യു -കമ്പ്യൂട്ടർ സയൻസ്, രാജശ്രീ കാരണവർ -രസതന്ത്രം, സുദീപ ഘോഷ് -ജീവശാസ്ത്രം എന്നിവർ സംയുക്ത നേതൃത്വം നൽകി. ഈ വർഷത്തെ ടെക്നോഫെസ്റ്റ് വിജയകരമായി സംഘടിപ്പിച്ചതിന് വിദ്യാർത്ഥികളെയും അധ്യാപകരെയും സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു.