ദുബായ്: കാത്തിരിപ്പിന് വിരാമമിട്ട് ദുബായ് വേൾഡ് എക്സ്പോ 2020ന് തുടക്കമായി. കലാപരിപാടികളുടെയും വെടിക്കെട്ടിന്റെയും അകമ്പടിയോടെയാണ് ദുബായ് എക്സ്പോ 2020 ന് തിരിതെളിഞ്ഞത്. വ്യാഴാഴ്ച്ച യുഎഇ സമയം 7.30 ന് എക്സ്പോ നഗരിയിലെ അൽവസ്ൽ പ്ലാസയിൽ മേള ആരംഭിച്ചു. ഒക്ടോബർ ഒന്നു മുതൽ 2022 മാർച്ച് 31 വരെയാണ് എക്സ്പോ 2020 നടക്കുന്നത്. ലോകത്തെ വിസ്മയിപ്പിക്കുന്ന ഉദ്ഘാടനച്ചടങ്ങുകളാണ് ദുബായിലെ എക്സ്പോ നഗരിയിൽ നടന്നത്. 3,000 പേരാണ് ചടങ്ങിൽ പങ്കെടുത്തത്.
ടെലിവിഷൻ ചാനലുകളിലൂടെയും എക്സ്പോ ടി വിയിലൂടെയും ചടങ്ങ് തൽസമയം സംപ്രേക്ഷണം ചെയ്തു. ദുബായ് എക്സ്പോ 2020ന്റെ ഉദ്ഘാടന ചടങ്ങ് യു എ ഇയിലുടനീളമുള്ള 430 ലേറെ സ്ഥലങ്ങളിൽ തത്സമയം സംപ്രേഷണം ചെയ്തു. ആറുമാസം നീണ്ടുനിൽക്കുന്ന മഹാമേളയിൽ 25 ദശലക്ഷം സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് . വെള്ളിയാഴ്ച മുതലാണ് വേദിയിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുക. 192 രാജ്യങ്ങളിൽ നിന്നുള്ള 200 ലധികം പേരാണ് മേളയിൽ പങ്കെടുക്കുന്നത്.
അറബ് ലോകത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന പരിപാടി ലോകത്തിന്റെ കണ്ണ് മുഴുവൻ ദുബൈയിലേക്കെത്തിക്കുന്ന രീതിയിലാണ് ആസൂത്രണം ചെയ്തത്. നർത്തകരും അഭിനേതാക്കളും സംഗീതജ്ഞരും കാണികളിൽ ആവേശം വിതച്ചു . അതിനൂതന സാങ്കേതികവിദ്യകളാണ് ഇതിനുപയോഗിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കലാകാരൻമാരാണ് അണിനിരന്നത്.
എക്സ്പോയുടെ ആദ്യ ദിവസമായ ഒക്ടോബർ ഒന്നിന് മൂന്ന് കരിമരുന്ന് പ്രയോഗങ്ങൾ തത്സമയം പ്രദർശിപ്പിക്കും. യുഎഇയിലെ എമാർസ് റോവ്, അർമാനി, വിലാസ ഹോട്ടലുകൾ & റിസോർട്ടുകൾ, വിദ ഹോട്ടലുകൾ & റിസോർട്ടുകൾ, അക്കോർ, മാരിയറ്റ്, ഹിൽട്ടൺ, ഐഎച്ച്ജി, റോട്ടാന, ജുമൈറ, ഹയാത്ത് ഇന്റർനാഷനൽ, ദ പാമിലെ അറ്റ്ലാന്റിസ് എന്നിവയടക്കം 240 ഹോട്ടലുകളിൽ തത്സമയ പ്രദർശനം നടക്കും. കൂടാതെ, 17 മാജിദ് അൽ ഫുത്തൈം മാളുകൾ, സിറ്റി വോക്ക്, നഖീൽ മാൾ, ഇബ്നു ബത്തൂത്ത മാൾ, ദുബായ്, അബുദാബി എന്നിവിടങ്ങളിലെ 50 ജഷൻമാൽ ലൊക്കേഷനുകൾ, 97 മെഡിക്ലിനിക്സ്, ദുബായ്, അബുദാബി രാജ്യാന്തര വിമാനത്താവളങ്ങൾ, സബീൽ ലേഡീസ് ക്ലബ്, ഷറഫ് ഡിജി എന്നിവിടങ്ങളിലും തത്സമയ പ്രദർശനമുണ്ടായിരിക്കും.