ന്യൂഡൽഹി: പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനം നവജ്യോത് സിങ് സിദ്ദു രാജിവച്ചു. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് രാജി കൈമാറി. കഴിഞ്ഞ ജൂലൈ 18 നാണ് പിസിസി അധ്യക്ഷനായി സിദ്ദു ചുമതലയേറ്റത്. രണ്ട് മാസം പിന്നിടുമ്പോഴാണ് അപ്രതീക്ഷിത രാജി.
പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തിൽ പഞ്ചാബിന്റെ കാര്യത്തിന്റെ വിട്ടുവീഴ്ചയില്ലെന്നും വ്യക്തിത്വം കളഞ്ഞ് ഒരു ഒത്തുതീർപ്പിനുമില്ലെന്നും സിദ്ദു വ്യക്തമാക്കുന്നു. പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും രാജിവച്ചുവെങ്കിലും പാർട്ടിയിൽ തുടരുമെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
സിദ്ദു ചുമതലയേറ്റ് രണ്ട് മാസം പൂർത്തിയാകുന്നതിനിടെ അമരീന്ദർ സിങ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചിരുന്നു. സിദ്ദുവിനെതിരെ രൂക്ഷമായ വിമർശനങ്ങൾക്കിടയാക്കിയാണ് അമരീന്ദർ സ്ഥാനമൊഴിഞ്ഞത്. അമരീന്ദറിനെ പദവിയിൽ നിന്നും മാറ്റിയ ഹൈക്കമാൻഡ് സിദ്ദുവിന് പകരം ദളിത് സിഖ് സമുദായംഗമായ ചരൺജിത് സിങ് ചന്നിയെയാണ് മുഖ്യമന്ത്രിയായി നിയമിച്ചത്. പെട്ടെന്നുള്ള രാജിക്ക് പിന്നിൽ ഇതാണോ കാരണമെന്നും വ്യക്തമല്ല.