ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ കണക്റ്റഡ് രാജ്യങ്ങളിലൊന്നായി ഇന്ത്യയെ മാറ്റുന്നത് ലക്ഷ്യമിട്ട് ഇലക്ട്രോണിക്സ്-ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം “എല്ലാ ഇന്ത്യക്കാരെയും ബന്ധിപ്പിക്കുന്നു”- (“Connecting all Indians”) എന്ന വിഷയത്തിൽ ശിൽപശാല സംഘടിപ്പിച്ചു.
രാജ്യത്തെ ഏറ്റവും വലിയ ഇൻറർനെറ്റ് സേവനദാതാക്കളായ ജിയോ, എയർടെൽ എന്നവയിലെയും, ഇലക്ട്രോണിക്സ്-ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ പൊതു-സ്വകാര്യ പങ്കാളികളെയും ശില്പശാലയിലേക്ക് ക്ഷണിച്ചിരുന്നു. നിലവിൽ ഇന്റർനെറ്റ് എത്തിയിട്ടില്ലാത്ത ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഇന്റർനെറ്റ് പ്രാപ്യമാക്കുന്നതു ത്വരിതപ്പെടുത്തുന്നതിനുള്ള ഒരു രൂപ രേഖ ചർച്ച ചെയ്യുക എന്നതായിരുന്നു ശിൽപശാലയുടെ പ്രധാന ലക്ഷ്യം.
ശില്പശാലയുടെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ ഫൈബർ അധിഷ്ഠിത ഗ്രാമീണ ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി പദ്ധതിയായ ഭാരത്നെറ്റിനെ സംബന്ധിച്ചും അവലോകനം ചെയ്തു. വിട്ടുപോയ പ്രദേശങ്ങൾ ഉടനടി ഉൾപ്പെടുത്തുന്നതിനായിയുള്ള തന്ത്രങ്ങളെക്കുറിച്ചും ആലോചിച്ചു.
ഇലക്ട്രോണിക്സ്-ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയ സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിലാണ് ശിൽപശാല സംഘടിപ്പിച്ചത്. എല്ലാ ഇന്ത്യക്കാരെയും തുറന്നതും, സുരക്ഷിതവും, വിശ്വസനീയവും, ഉത്തരവാദിത്തമുള്ളതുമായ ഇന്റർനെറ്റുമായി ബന്ധിപ്പിക്കുന്നതിനുള്ള നിലവിലെ സർക്കാരിന്റെ ലക്ഷ്യങ്ങൾ മന്ത്രി വിശദീകരിച്ചു. ഡിജിറ്റൽ ഇന്ത്യയിലൂടെ എല്ലാ പൗരന്മാർക്കും ഇന്റർനെറ്റ് നൽകുകയും ഡിജിറ്റൽ സമ്പദ്വ്യവസ്ഥയും തൊഴിലുകളും വിപുലീകരിക്കുകയും ചെയ്യുക എന്നതാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടെന്ന് അദ്ദേഹം പറഞ്ഞു.
സാർവത്രിക ഇന്റർനെറ്റ് കവറേജ് നേടുന്നതിനെക്കുറിച്ച് പൊതുജനങ്ങൾക്കും സ്വകാര്യ പങ്കാളികൾക്കും അവരുടെ കാഴ്ചപ്പാടുകൾ പങ്കിടാൻ ഈ വർക്ക്ഷോപ്പ് ഒരു തുറന്ന പ്ലാറ്റ്ഫോം നൽകി.