പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലെ പ്രതിയെ സി പി എം ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു. അട്ടപ്പാടി മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായാണ് കേസിലെ മൂന്നാം പ്രതി ഷംസുദ്ദീനെ തിരഞ്ഞെടുത്തത്. സംഭവം വിവാദമായതോടെ വീണ്ടും യോഗം വിളിച്ച് ഷംസുദ്ദീനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി. ഹരീഷിനെ പുതിയ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു.
ഇന്ന് ചേർന്ന മുക്കാലി ബ്രാഞ്ച് സമ്മേളനത്തിലാണ് മധു കേസ് പ്രതി ഷംസുദ്ദീനെ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഷംസുദ്ദീനെ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുക്കരുതെന്ന് ഏരിയാ – ലോക്കൽ നേതൃത്വങ്ങൾ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഈ നിർദ്ദേശത്തെ വെല്ലുവിളിച്ചാണ് ബ്രാഞ്ച് സമ്മേളനത്തിൽ ഷംസുദ്ദീനെ പാർടി അംഗങ്ങൾ സെക്രട്ടറിയാക്കിയത്. സംഭവം വിവാദമായതോടെ വീണ്ടും ബ്രാഞ്ച് യോഗം വിളിച്ച് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കുകയായിരുന്നു. ഏരിയാ നേതൃത്വത്തിൻ്റെ നിർദ്ദേശം അവഗണിച്ചതിന് കൂടുതൽ നടപടിയുണ്ടാകുമെന്ന് അട്ടപ്പാടി ഏരിയാ സെക്രട്ടറി സി പി ബാബു പറഞ്ഞു.
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടമർദ്ദനത്തിലൂടെ കൊലപ്പെടുത്തുന്നത്. കാട്ടിൽ നിന്നും പിടികൂടിയ മധുവിനെ കൈകൾ കെട്ടിയാണ് മർദ്ദിച്ചത്.
സംഭവം രാജ്യത്ത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. രാഷ്ട്രീയ- സാമൂഹ്യ രംഗത്തെ പ്രമുഖർ പ്രതിഷേധങ്ങളുമായി രംഗത്തെത്തി. ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗ് ഉൾപ്പടെ സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തിരുന്നു.
കേസിൽ തൊണ്ണൂറ് ദിവസത്തിനകം പൊലീസ് കുറ്റപ്പത്രം സമർപ്പിച്ചെങ്കിലും ഇതുവരെയും വിചാരണ നടപടികൾ ആരംഭിച്ചിട്ടില്ല.
കേസിൽ 16 പ്രതികളാണുള്ളത്. മുക്കാലി സ്വദേശികളായ ഹുസൈൻ, മരക്കാർ, ഷംസുദ്ദീൻ, അനീഷ്, രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ദീഖ്, ഉബൈദ്, നജീബ്, ജൈജുമോൻ, അബ്ദുൾ കരീം, സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീർ എന്നിവരാണ് പ്രതികൾ. റിമാൻ്റിൽ കഴിഞ്ഞിരുന്ന പ്രതികൾ ഇപ്പോൾ ജാമ്യത്തിലാണ്. നേതൃത്വത്തിൻ്റെ എതിർപ്പ് മറികടന്ന് മധുകേസ് പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കിയത് സിപിഎമ്മിനുള്ളിൽ വലിയ വിവാദത്തിന് കാരണമായിട്ടുണ്ട്.