തിരുവനന്തപുരം: സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി 37.61 കോടി രൂപയുടെ 4 പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 23-ാം തീയതി വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. അതത് പ്രദേശത്തെ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും.
ഈ സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി ഒട്ടേറെ വികസന പ്രവര്‍ത്തങ്ങളാണ് പൂര്‍ത്തീകരിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇതുവരെ മൂന്ന് ഘട്ടങ്ങളിലായി ആകെ 213 ആരോഗ്യ സ്ഥാപനങ്ങളില്‍ 56.59 കോടി രൂപയുടെ ഉദ്ഘാടനമാണ് നടത്തിയത്. ഇതിന് പുറമേയാണ് 4 പദ്ധതികള്‍. 5.5 കോടി രൂപ ചെലവഴിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയ 2 പുതിയ ഐ.സി.യു.കള്‍, പൈക സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ 19.93 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടം, 10 കോടി രൂപയുടെ കോന്നി ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി, ആദ്യ 1000 ദിന പരിപാടി എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.