തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിനോടനുബന്ധിച്ച് സെപ്തംബർ 17 മുതൽ ഒക്ടോബർ 7 വരെയുള്ള സേവാ സമർപ്പൺ അഭിയാൻ്റെ ഭാഗമായി ബിജെപി പ്രവർത്തകർ ഇന്ന്(20) മുതൽ സംസ്ഥാനത്തെ എല്ലാ ബൂത്തുകളിൽ നിന്നും പ്രധാനമന്ത്രിക്ക് ആശംസകാർഡുകൾ അയക്കും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തിരൂർ പോസ്റ്റോഫീസിൽ ആശംസസന്ദേശം അയച്ച് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. പ്രമുഖ വ്യക്തികളെയും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെയും പ്രചരണത്തിൽ പങ്കാളികളാക്കും.
മറ്റു നേതാക്കൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിപാടിയുടെ ഭാഗമാവും. സൗജന്യ വാക്സിനും സൗജന്യ റേഷനും ഉൾപ്പെടെയുള്ള ക്ഷേമ പദ്ദതികൾ നടപ്പാക്കിയതിന് നന്ദി അറിയിച്ചും ജന്മദിന ആശംസകൾ അർപ്പിച്ചുമാണ് ബിജെപി പ്രവർത്തകർ പ്രധാനമന്ത്രിക്ക് ആശംസാ കാർഡുകൾ അയക്കുന്നത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും കണ്ണൂരിൽ പികെ കൃഷ്ണദാസും നേതൃത്വം നൽകും. കാസർഗോഡ് എപി അബ്ദുള്ളക്കുട്ടി,കോഴിക്കോട് എംടി രമേശ്, പാലക്കാട് സി.കൃഷ്ണകുമാർ, തൃശ്ശൂർ എഎൻ രാധാകൃഷ്ണൻ, എറണാകുളം ഡോ.കെ.എസ് രാധാകൃഷ്ണൻ, പത്തനംതിട്ട പി.സുധീർ, കൊല്ലത്ത് ജോർജ് കുര്യൻ എന്നിവർ പങ്കെടുക്കും.