കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനില്‍ കഴിഞ്ഞിരുന്ന ഏഴു പേര്‍ക്ക് കൂടി നിപ ഇല്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയ ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് കണ്ടെത്തിയത്. ഇതോടെ ഐസൊലേഷനിലുള്ള 68 പേര് നെഗറ്റീവായി.
നിപ ആദ്യം സ്ഥിരീകരിച്ച കുട്ടിയുടെ വീടിന്റെ മൂന്നു കിലോമീറ്റര്‍ പരിധി കണ്ടെയ്ന്മെന്റ് സോണാണ്. കേന്ദ്ര മാര്‍ഗനിര്‍ദ്ദേശം അനുസരിച്ചാണ് കണ്ടെയ്ന്മെന്റ് സോണാക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ പ്രദേശത്തെ മുഴുവന്‍ വാര്‍ഡിലെയും വീടുകളില്‍ സര്‍വേ നടത്തിയിരുന്നു. ഇവിടെ അസ്വാഭാവിക മരണമോ പനിയോ കണ്ടെത്തിയിട്ടില്ല. പനി ലക്ഷണങ്ങളോടെ 89 പേരെ കണ്ടെത്തി. ഇവരുടെ സാമ്പിളുകള്‍ പരിശോധിക്കാന്‍ രണ്ടു മൊബൈല്‍ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്രസംഘം സ്ഥലം സന്ദര്‍ശിക്കുന്നുണ്ട്.